2000 രൂപ നോട്ടുകൾ പിൻവലിച്ച പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സംവിധായകൻ വിജയ് ആന്റണി. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്തെ കള്ളപ്പണത്തിന്റെ പ്രചാരം കുറയ്ക്കുമെന്ന അഭിപ്രായമാണ് വിജയ് ആന്റണി, പങ്കുവെച്ചത്. 2016ൽ കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. ഈ തീരുമാനം ശരിയാണോ തെറ്റാണോ എന്ന ചർച്ചകൾ നടക്കുന്നതിനിടെ അന്ന് ആളുകൾ വ്യാപകമായി ഷെയർ ചെയ്ത ഒരു വീഡിയോ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു.
2016-ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ എന്ന സിനിമയിൽ, ഒരു ഭിക്ഷക്കാരൻ ഒരു റേഡിയോ ഷോയിലേക്ക് വിളിക്കുകയും ഇന്ത്യയിൽ കള്ളപ്പണം തുടച്ചുനീക്കണമെങ്കിൽ സർക്കാർ ആദ്യം പ്രചാരത്തിലുള്ള 500, 1000 രൂപ നോട്ടുകൾ അസാധുവാക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നതായിരുന്നു രംഗം.
പിച്ചൈക്കാരൻ സിനിമയിലെ ആ രംഗത്തിൽ പറഞ്ഞത് പോലെ കേന്ദ്രസർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ചു, കള്ളപ്പണം തുടച്ചുനീക്കാൻ ഇത് വളരെ ഫലപ്രദമാണെന്ന് സർക്കാരും പറഞ്ഞു. സിനിമ ഇതെല്ലാം മുൻകൂട്ടി പറഞ്ഞിരുന്നതിനാൽ അന്ന് വിജയ് ആന്റണിയുടെ ദീർഘ വീക്ഷണത്തെക്കുറിച്ച് ഒട്ടേറെ ആളുകൾ പറഞ്ഞിരുന്നു.
പിച്ചൈക്കാരൻ എന്ന സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയതോടെ വീണ്ടും 2000 രൂപയെക്കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും ആളുകൾ സംസാരിക്കുകയാണ്. 2000 രൂപ നോട്ട് പ്രചാരത്തിൽ നിന്ന് നീക്കം ചെയ്തതിനെ സ്വാഗതം ചെയ്യുന്നതായും വിജയ് ആന്റണി ഒരു അഭിമുഖത്തിൽ പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കാൻ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
Post Your Comments