അടുത്തകാലത്തായി മലയാള സിനിമ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സംബന്ധിച്ച ആരോപണങ്ങൾ ഇടയ്ക്കൊക്കെ ഉയർന്നുവരാറുണ്ടെങ്കിലും, നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് ലഹരിമരുന്ന് ഉപയോഗം വീണ്ടും ചർച്ചയായത്. യുവനടന്മാർ ലൊക്കേഷനുകളിൽ വരെ മയക്കുമരുന്ന് അടിച്ച് വരാറുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. പുതിയ സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾക്കെത്തുന്ന താരങ്ങൾ ഇതുസംബന്ധിച്ച ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിയും വരുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു.
‘ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യമുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ..സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’, ഷൈൻ പൊട്ടിത്തെറിച്ചു.
ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈൻ. എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തും. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ താരനിരയാണ് ചിത്രത്തിലുള്ളത്.
Post Your Comments