![](/movie/wp-content/uploads/2023/05/lalettan.jpg)
മലയാളത്തിന്റെ പ്രിയ താരം മോഹൻ ലാൽ 63 ആം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം. എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്തപത്മനാഭൻ കുറിപ്പുമായി വന്നിരിക്കുകയാണ്.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ് അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷമെന്ന തലക്കെട്ടോടെയാണ് കുറിപ്പ് നൽകിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം
അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം. 1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി, പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. “തൂവാനത്തുമ്പി ” കളിലെ “മൂലക്കുരുവിന്റെ അസ്ക്യത ” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ. ” ലാലുവിന്റെ കല്യാണ ആലോചനകൾ ” തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. “തൂവാനത്തുമ്പികൾ ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്.
Post Your Comments