Uncategorized

രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി നവാ​ഗത സംവിധായകന്‍ മനീഷ് കുറുപ്പിന്റെ സിനിമ ‘വെള്ളരിക്കാപ്പട്ടണം’

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടനാണ് ടോണി

കൊച്ചി: ജനപ്രിയചിത്രമായ ‘വെള്ളരിക്കാപ്പട്ടണ’ത്തിലെ ശ്രദ്ധേയമായ അഭിനയത്തിന് 46-ാമത് ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്ക്കാരം ചിത്രത്തിലെ നായകനായ ടോണി സിജിമോന് ലഭിച്ചു. മാതൃകാപരമായ പരിസ്ഥിതി സന്ദേശം പകര്‍ന്ന ചിത്രമായ വെള്ളരിക്കാപ്പട്ടണത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്ക്കാരവും നേടാനായി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം ,മായാവി, ചോട്ടാ മുംബൈ, എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടനാണ് ടോണി സിജിമോന്‍.

മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ചിത്രമായിരുന്നു വെള്ളരിക്കാപ്പട്ടണം. പുരസ്ക്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ ടോണി പറഞ്ഞു.

ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്‍റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.

നല്ല പ്രമേയം, അതിലേറെ മികച്ച അവതരണം വെള്ളരിക്കാപ്പട്ടണത്തിലൂടെ നായകനായതിൽ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജിമോന്‍ പറഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ, മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.

ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് കുറെ ഹിറ്റ് ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി.

മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുവാന്‍ കഴിയുക ഏത് ആര്‍ട്ടിസ്റ്റിന്‍റെയും വലിയ സ്വപ്നമാണ്, ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാനടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു, സിനിമയിലേക്ക് വഴി തുറന്നുതന്ന പ്രമുഖ സംവിധായകന്‍ ബ്ലസ്സി സാറിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോന്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്. പിആർ ഒ: പി ആര്‍ സുമേരൻ.

shortlink

Related Articles

Post Your Comments


Back to top button