അഞ്‍ജു പാർവതി പ്രഭീഷ്
അങ്ങനെ ഇടതിടങ്ങളിലെ ബുദ്ധികേന്ദ്രങ്ങൾ അരാഷ്ട്രീയമെന്നും ചരിത്രത്തോട് നീതി പുലർത്താത്തതെന്നും പറഞ്ഞ 2018 എന്ന സിനിമ ഇന്നുച്ചയ്ക്ക് കണ്ടു; അല്ല പ്രളയവെള്ളത്തിൽ കൈകാലിട്ടടിച്ച പ്രതീതിയോടെ അത് അനുഭവിച്ചറിഞ്ഞു. ഇത് എഴുതുന്ന നിമിഷം പോലും എനിക്ക് അനുഭവവേദ്യമാകുന്നുണ്ട് സ്‌ക്രീനിൽ നിന്നും ശരീരത്തിലേക്ക് ആവാഹിച്ച ആ മഹാമാരി കാലം.
അന്ന് ഞാൻ തിരുവനന്തപുരത്താണ്. ആമിക്ക് ആറ് മാസം പ്രായം. അമ്മ എന്ന പുതിയ പോസ്റ്റിങ്ങ് നൽകിയ സുഖവും മടിയും വേവലാതിയും ആസ്വദിച്ചുക്കൊണ്ട്, അതു വരെ ചെയ്ത അധ്യയനജോലിക്ക് ഇടവേള പ്രഖ്യാപിച്ചുക്കൊണ്ട് വെറും കീബോർഡ് തൊഴിലാളി ആയി സുക്കറിന്റെ പറമ്പിൽ കിളച്ചു മതിക്കുന്ന കാലം. ആ മാസം, അതായത് ആഗസ്റ്റ് 28 നു തൃശൂരിലെ കോട്ടപ്പുറം തറവാട്ടിൽ എല്ലാവരും ഒത്തുകൂടുന്നുണ്ട്. അവിടെ എല്ലാവരും കാത്തിരുന്ന കല്യാണമേളം ഉണ്ട്. അതിന്റെ ത്രില്ലിൽ ആണ് മനസ്സ്. ആഗസ്ത് തുടങ്ങിയത് തന്നെ മഴപ്പെണ്ണിന് കുടയും പിടിച്ചുകൊണ്ടാണല്ലോ. ആദ്യമൊക്കെ മഴ നന്നായി ആസ്വദിച്ചു. കട്ടനും മഴയും ജോൺസൻ മാഷും ആഹാ അന്തസ്സ് എന്ന ടാഗ് ലൈനോടെ തന്നെ.
രണ്ടു മൂന്ന് ദിവസം കൊണ്ട് സംഗതി മാറി. വാർത്താചാനലുകൾ കാണെ കാണെ ആകെ ഒരു പേടി തുടങ്ങി. മഴയുടെ താളത്തിന് രൗദ്രഭാവം വന്നുതുടങ്ങി. കരമന ആറിന്റെ കരയിലും ആമയിഴഞ്ചൻ തോടിന്റെ കരയിലും ഒക്കെ വെള്ളം കയറി തുടങ്ങിയെന്ന വാർത്ത കേട്ടു തുടങ്ങി. പപ്പനാവന്റെ നാട്ടിൽ ഇതൊക്കെ എത്ര കണ്ടിരിക്കണ് അപ്പിയെന്നു പറഞ്ഞിരുന്ന അമ്മിണി ചേച്ചി ( വീട്ടിലെ സഹായി) രാവിലെ വിളിച്ചു പറഞ്ഞു തലേന്ന് തോട്ടുവരമ്പത്തു മൊത്തം വെള്ളം കയറി അവരൊക്കെ കണ്ണമൂല ക്യാമ്പിലേക്ക് കൂടും കുടുക്കയുമായി പോകുകയാണെന്ന്. പതിവില്ലാതെ ആ ശബ്ദത്തിൽ വല്ലാത്തൊരു ആധി പടർന്നിരുന്നു.മഴ കവിത വിട്ട് കാര്യമായി പെയ്തിറങ്ങി തുടങ്ങി എന്ന സൂചന.
എന്നാൽ ഇവിടെ പെയ്ത മഴ ഒന്നും മഴയേ അല്ല എന്ന് തിരിച്ചറിഞ്ഞത് പിറ്റേന്ന് മുതൽക്കാണ്.ചാനലുകളിലും മുഖപുസ്തകത്തിലും ഒക്കെ അലെർട്ടുകൾ വന്നു തുടങ്ങിയതോടെ മെല്ലെ തിരിച്ചറിഞ്ഞു അതു വരെ കേട്ടറിഞ്ഞിട്ടില്ലാത്ത ഒരു പ്രളയകാലത്തേയ്ക്ക് നമ്മുടെ നാട് പോകുന്നുവെന്ന സത്യം.
അന്ന് തിരിച്ചറിഞ്ഞു എനിക്ക് എന്റെ നാട് എത്രമേൽ പ്രിയപ്പെട്ടതാണ് എന്ന്. അതുവരേയ്ക്കും സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ പരസ്പരം രാഷ്ട്രീയം പറഞ്ഞു തല്ലിയവർ, മതം പറഞ്ഞു പോരടിച്ചവർ ഒക്കെ ഒരേ മനസ്സോടെ നാടിനു വേണ്ടി ഒന്നായി. കേരളം എന്നത് ഒരു വികാരമായി മാറി. എന്റേത്, നിന്റേത് പകുത്തെടുപ്പുകൾ ഇല്ലാതെ നമ്മൾ, നമ്മുടേത് എന്ന ഒരൊറ്റ മന്ത്രവുമായി നമ്മൾ നിന്ന നാളുകൾ. Save Kerala എന്ന watts app groupil ആരോ ആഡ് ചെയ്തപ്പോൾ,അതിൽ വരുന്ന മെസ്സേജുകൾ കണ്ട് ചങ്ക് പറിഞ്ഞു നിന്ന നാളുകൾ. അതിൽ
നിന്നും കിട്ടിയ എന്റെ നമ്പറിലേക്ക് ഒരു പകൽ ഒരു സ്ത്രീ വിളിച്ചു പറഞ്ഞത് ചെങ്ങമനാട് എന്ന നാട്ടിൽ ഒറ്റപ്പെട്ടു പോയ വയസ്സായ അമ്മമ്മയ്ക്ക് ജീവൻ രക്ഷാമരുന്ന് കഴിഞ്ഞുവെന്നും അമ്മമ്മയെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്നും. തിരുവനന്തപുരത്ത് നിന്ന് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന ഉൾഭീതി കാണിക്കാതെ പത്തനംതിട്ടയിൽ Save Kerala mission പങ്കാളി ആയി ധന്യാ മിസ്സിനെ വിളിച്ചു കാര്യം പറഞ്ഞു.
അഡ്രസ്സ് നൽകിയപ്പോൾ അവർക്ക് സ്ഥലം പരിചയമുണ്ട്. പിന്നീട് ഒരു മണിക്കൂറിനുള്ളിൽ അമ്മമ്മയെ ഒരു ടോറസിൽ കയറ്റി ക്യാമ്പിൽ എത്തിച്ചുവെന്ന വാർത്ത കിട്ടി. അന്ന് സന്തോഷിച്ച പോലെ ഒരു സന്തോഷം പിന്നീട് ജീവിതത്തിൽ ഉണ്ടായോ എന്നറിയില്ല.ആറ് മാസമുള്ള ആമിക്ക് വയറു നിറയെ പാൽ കൊടുത്ത് ഉറക്കിയ ശേഷം തിരുവനന്തപുരത്തെ തീരദേശ ദുരിതാശ്വാസക്യാമ്പിലേക്ക് കാർട്ടനിൽ നിറച്ച ബ്രെഡും ബിസ്കറ്റുമായി, old but used clothes ക്യാമ്പയിൻ വഴി കളക്ട് ചെയ്ത വസ്ത്രങ്ങളുമായി പാഞ്ഞു നടന്ന പകലുകൾ. രാത്രി അവളെ ഉറക്കിയ ശേഷം വഴുതക്കാട്ടുള്ള കളക്ഷൻ പോയിന്റുകളിൽ പോയി പല സ്ഥലങ്ങളിലേക്ക് സാധനങ്ങൾ പായ്ക്ക് ചെയ്ത് വിടുന്ന രാത്രികൾ. ഒന്നും മറന്നിട്ടില്ല. മറക്കാൻ ഒരിക്കലും കഴിയുകയും ഇല്ല.
തിരുവനന്തപുരത്തുകാർക്ക് 2018 സിനിമയുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന പ്രളയജലത്തിന്റെതായ അനുഭവം ഇല്ലായിരിക്കാം. പക്ഷേ തിമിർത്തുപ്പെയ്യുന്ന മഴ കണ്ട് വീട്ടിൽ ഭയന്ന് ഇരിക്കുമ്പോഴും അടുത്ത ജില്ലകളിൽ സംഭവിക്കുന്ന ദുരിതപ്പെയ്ത്തിന് അറുതി വരണേ ആറ്റുകാലമ്മച്ചി എന്ന് വിളിച്ചു കരഞ്ഞ അമ്മമാരുടെ കണ്ണുനീരുപ്പ് ഉണ്ട്. മേയർ പ്രശാന്തും ( ഇപ്പോഴത്തെ വട്ടിയൂർക്കാവ് MLA ) കളക്ടർ വാസുകിയും ചേർന്ന് നടത്തിയ കളക്ഷൻ ക്യാമ്പിൽ കൈ മെയ് മറന്നു, രാവും പകലും നോക്കാതെ പ്രവർത്തിച്ച യുവതയുടെ അർപ്പണബോധം ഉണ്ട്. വെട്ടുകാട് പള്ളിയിൽ നിന്നും രാജനെ തൊഴുതു വണങ്ങി ഇറങ്ങിയ, പൂന്തുറ, പൂവാർ, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൊല്ലത്തേയ്ക്കും പത്തനം തിട്ട യിലേയ്ക്കും ബോട്ടുമായി പോയ കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ, മത്സ്യ തൊഴിലാളികളുടെ നെഞ്ചുറപ്പ് ഉണ്ട്.
ഇത് കേവലം ഒരു സിനിമയല്ല. ഓരോ മലയാളിയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നാലാണ്ടുകൾക്കിപ്പുറം അനുഭവിച്ചറിഞ്ഞ ദിനങ്ങളുടെ ഓർമ്മപുസ്തകമാണ്. ഓരോ മലയാളിയും, പ്രവാസികൾ ഉൾപ്പെടെ ജീവിതത്തിലെ കുറച്ചു ദിവസങ്ങളിൽ റിയൽ ലൈഫ് ഹീറോകളായി സ്വയം മാറിയതിന്റെ സാക്ഷ്യമാണ്. Every one is a hero എന്ന ടാഗ് ലൈനിനപ്പുറം എന്ത് ഹൈലൈറ്റ് ആണ് ഇതിന് ചേരുക? ആരും വിളിക്കാതെ,സ്വന്തം സഹോദരങ്ങളെ രക്ഷിക്കാനായി സ്വയം മുന്നിട്ടിറങ്ങിയ ഒരു വലിയ ജനതയുടെ മുന്നേറ്റം കൊണ്ട് മാത്രമാണ് കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ കേരളത്തെ കൈപിടിച്ചുയർത്തിയത് എന്നത് തുണിയുടുക്കാത്ത സത്യം. അത് വൃത്തിയായി ജൂഡ് ചെയ്തു വച്ചിട്ടുണ്ട്.
ഓഖി സമയത്ത് വലിയ കപ്പിത്താനെ പങ്കായം കൊണ്ടോടിച്ചതിന്റെ ചൊരുക്ക് പിന്നീട് പല രീതിയിൽ അവരോടു ചെയ്തിട്ടും അതൊന്നും മനസ്സിൽ വയ്ക്കാതെ പാഞ്ഞിറങ്ങിയ മത്സ്യതൊഴിലാളികളുടെ വലിയ മനസ്സ്, കൊലയാളി ലോറി എന്ന് പലവുരു നമ്മൾ വിളിച്ച ടിപ്പറുകളുടെ ഇടവേളകളില്ലാത്ത രക്ഷദൗത്യം,നാടിനു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഫ്രീക് പിള്ളേർ എന്ന് കളിയാക്കിയ ചുള്ളന്മാരും ചുള്ളത്തികളും കൈ മെയ് മറന്നു രാവും പകലും പ്രവർത്തിച്ച കോർഡിനേഷൻ, കൂടും കുടുക്കയും പൊട്ടിച്ചും ആടിനെ വിറ്റും ഒക്കെ ഒന്നും പത്തും നാടിനു നൽകിയ നിസ്വാർത്ഥത, പ്രവാസത്തിന്റെ ചൂടിൽ പൊള്ളുന്ന പ്രാരാബ്ദങ്ങൾക്കിടയിലും ഉള്ളത് മുഴുവൻ പെറുക്കി എടുത്ത് അയച്ചു നാടിനെ രക്ഷിക്കാൻ നിന്ന പ്രവാസികളുടെ ഉറവ വറ്റാത്ത കാരുണ്യം. പിന്നെ രാജ്യത്തിന്റെ കാവൽക്കാരായ ഇന്ത്യൻ ആർമി-നേവി -എയർ ഫോഴ്സ്! ഇതൊക്കെയാണ് ഈ നാടിനെ പ്രളയത്തിൽ നിന്നും കരകയറ്റിയത്. അല്ലാതെ ദുരിതപ്പെയ്ത്തിന് മുന്നിൽ തോറ്റമ്പി നിന്ന നമ്മുടെ ഡിസാസ്റ്റർ മാനേജ്മെന്റോ,പാതിരാത്രി ഡാം തുറന്നു വിട്ട മണി ആശാന്റെ ഡാം മാനേജ്മെന്റോ PR വർക്കുകൾ കൊണ്ട് കെട്ടിപ്പൊക്കിയ തമ്പ്രാൻറെ ഭരണമോ അല്ല.
ഇതിലെ ഓരോ സീനും ഗംഭീരം എങ്കിലും നട്ടെല്ലിൽ പടർന്നു കയറിയ ഒരു തരം തണുപ്പോടെ കണ്ട സീൻ സുധീഷിന്റെ കുടുംബം പ്രളയത്തിൽ അകപ്പെടുന്ന സീനുകളിൽ ആണ്. പ്രളയ ജലത്തിൽ വീട്ടിനകത്ത് അകപ്പെട്ട സുധീഷും ഭാര്യയും മോനും എന്തിന് ആ വീട്ടിൽ കാണപ്പെട്ട പല്ലി വരെ പ്രളയത്തിന്റെ ഭീകരതയെ, മരണത്തിനു മുന്നിലെ നിസ്സഹായതയെ പ്രേക്ഷകനിലേക്ക് പകർന്നു തന്നിരിക്കുന്നു. ജൂഡ്, എന്തൊരു സംവിധായകനാണ് മനുഷ്യാ,നിങ്ങൾ!
ടോവിനോയും, ചാക്കോച്ചനും,ഇന്ദ്രൻസും, ആസിഫ് അലിയും, സുധീഷും, ലാലും, നരേനും തുടങ്ങി വെറുതെ നിൽക്കുന്ന ആളുകൾ വരെ അഭിനയിക്കുക അല്ല, ജീവിക്കുക ആയിരുന്നു സിനിമയിൽ ഉടനീളം.ക്ലൈമാക്സ് സീനിൽ നിറഞ്ഞു തൂവുന്ന കണ്ണുകൾക്കിടെയിലും നമ്മൾ അറിയാതെ ഇന്ദ്രൻസിനോട് തോന്നുന്ന ഒരു ദേഷ്യമുണ്ട് -അപ്പോൾ നമ്മൾ അറിയും അനൂപിനെ നമ്മൾ അത്രമേൽ സ്നേഹിക്കുക ആയിരുന്നുവെന്ന്.!
ഈ സിനിമയെ അരാഷ്ട്രീയ സിനിമ എന്നും ചരിത്രത്തോട് നീതി പുലർത്താത്ത സിനിമ എന്നും ഇകഴ്ത്തുന്നവരെ നോക്കി ചിരിക്കുന്നുണ്ട് അവർ പുകഴ്ത്തിപ്പാടിയ ഒരു മെക്സിക്കൻ അപാരതയും മാലിക്കും CIA യും ഒക്കെ! എന്തായാലും ജൂഡിന്റെ സിനിമ കൃത്യമായി കൊള്ളേണ്ട ഇടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്…
Leave a Comment