കട്ടപ്പന: നഗരസഭയുടെ അനുമതി വാങ്ങി ഷൂട്ടിങ് ആരംഭിച്ചെങ്കിലും തടഞ്ഞ് വ്യാപാരികൾ. കട്ടപ്പനയിൽ ആണ് സംഭവം. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ഇടതുപക്ഷ സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞത്. മാർക്കറ്റിൽ ചിത്രീകരണം നടന്നാൽ, അത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് ആരോപിച്ചായിരുന്നു വ്യാപാരികൾ രംഗത്തെത്തിയത്. ഷൂട്ടിങ് നടക്കണമെങ്കിൽ തങ്ങൾക്ക് പണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. 30,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ധ്യാൻ തന്നെയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. രണ്ടു ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു. രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം ഒരു വ്യാപാരി സമിതി നേതാക്കളെത്തി ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഒരു സംഘട്ടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.
വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു. പണം വാങ്ങിയതിനെ സമിതി ന്യായീകരിക്കുകയും ചെയ്തു. ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം. അണിയറ പ്രവർത്തകരിൽ നിന്നും കിട്ടിയ തുക കച്ചവടക്കാർക്ക് വീതിച്ചു നൽകിയെന്നും ഇവർ വ്യക്തമാക്കി.
Post Your Comments