കൊച്ചി: പൂർണ്ണമായും ന്യൂസിലൻഡിൽ ചിത്രീകരിച്ച ആദ്യ ചിത്രം ‘പപ്പ’ തീയേറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 26ന് തീയേറ്ററിലെത്തും. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ന്യൂസിലൻഡിൽ ചിത്രീകരിച്ച ‘ഹൺഡ്രഡ്’ എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറായും നിർവ്വഹിക്കുകയും, രാജീവ് അഞ്ചലിൻ്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്ത ഷിബു ആൻഡ്രുസിൻ്റെ പുതിയ ചിത്രമാണ് പപ്പ. ഗോൾഡൻ എജ് ഫിലിംസ്, വിൻവിൻ എൻ്റർടൈൻമെന്റ് എന്നിവയ്ക്കുവേണ്ടി വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു.
ദുൽഖർ ചിത്രമായ ‘സെക്കൻ്റ് ഷോ’, മമ്മൂട്ടി ചിത്രമായ ‘ഇമ്മാനുവേൽ’, ‘ആർജെ മഡോണ’, ‘അതേഴ്സ്’ തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഷാരോൾ നായികയായി എത്തുന്നു. അനിൽ ആൻ്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.
ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത്. പെട്ടെന്ന് ഒരു ദിവസം പപ്പയേയും, മമ്മിയേയും ഒറ്റയ്ക്കാക്കി അവരുടെ പൊന്നുമകൾ എവിടെയോ പോയ് മറഞ്ഞു. അതോടെ യുവ ദമ്പതികളുടെ ജീവിതത്തിൽ ഇരുൾ നിറഞ്ഞു. എവിടെയാണ് ഇവരുടെ ഓമനക്കുഞ്ഞ് പോയ് മറഞ്ഞത്? ഒടുവിൽ ആ കഥ ചുരുൾ നിവരുകയാണ്. കൊടിയ വേദനകളുടെ, പാപബോധങ്ങളുടെ ഭൂതകാലച്ചുഴിയിൽ അവർ മുങ്ങി. ഇതിൽ നിന്നൊരു മോചനം ഇവർക്കുണ്ടാവുമോ?
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി ‘പപ്പ’ എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബു ആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും, വ്യത്യസ്തമായ അവതരണവും ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും. മെയ് 26-ന് ചിത്രം കൃപാ നിധി സിനിമാസ് തീയേറ്ററിൽ എത്തിക്കും.
സിനിമ 100 കോടി കടന്നാൽ നിർമ്മാതാവിന് എത്ര കിട്ടും: തുറന്ന് പറഞ്ഞ് വേണു കുന്നപ്പിള്ളി
തിരക്കഥ, സംഭാഷണം – അരുദ്ധതി നായർ, ഗാനങ്ങൾ – എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം – ജയേഷ് സ്റ്റീഫൻ, ആലാപനം – സിത്താര, നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്, കളറിംഗ് – നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ – ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്, സ്റ്റിൽ – രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ – ഒസി രാജു, പിആർഒ – അയ്മനം സാജൻ.
Post Your Comments