CinemaLatest NewsNew ReleaseNow Showing

ചരിത്ര നേട്ടം, 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ‘2018’; സ്ഥിരീകരിച്ച് നിർമാതാവ്

കൊച്ചി: കേരളം കണ്ടറിഞ്ഞ മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. വൻ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ജനങ്ങളെ തിയേറ്ററുകളിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴിതാ, ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. വെറും പത്ത് ദിവസം കൊണ്ടാണ് സിനിമ നൂറ് കോടിയെന്ന അത്ഭുത നമ്പർ തൊട്ടിരിക്കുന്നത്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്ന വിവരം നിർമാതാവ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ആണ് 2018 നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം എന്ന ഖ്യാതിയും ജൂഡ് ചിത്രം സ്വന്തമാക്കി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ലൂസിഫറിനെ ആണ് 2018 മറികടന്നത്. ലൂസിഫർ, പുലിമുരുകന്‍, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button