ഇന്ന് അമ്മ ദിനം, എന്തൊക്കെയോ അമ്മയെക്കുറിച്ചെഴുതണമെന്നുണ്ട്. അടുക്കും ചിട്ടയോടെയും എൻ്റെ പരിപാടികളും യാത്രകളും മറ്റാരെക്കാൾ ഉരുവിട്ടിരുന്ന അമ്മയുടെ ഓർമ്മകൾ ക്ലാവു പിടിച്ചു തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായ്. എൻ്റെ ഭാര്യയെയും മക്കളെയും ഓർത്തെടുക്കാൻ അമ്മ പ്രയാസപ്പെടുന്നു. ഇന്നും അമ്മയെ ശക്തമായ് ഈ ലോകത്തുറപ്പിച്ച് നിർത്തുന്ന ഒരോർമ്മ ഞാൻ തന്നെയാണ്. എന്നെ കാണുമ്പോൾ കണ്ണുകൾ വിടരും. എപ്പോഴും തുറിച്ച് നോക്കുന്ന കണ്ണുകളിൽ ഓർമ്മപ്പുഞ്ചിരി വിരിയും.
കുറിപ്പ് വായിക്കാം
എൻ്റെ ആദ്യ സംഗീത മത്സരം. നാലിൽ പഠിക്കുമ്പോൾ കിളളിപ്പാലം ഗവ: സ്കൂളിൽ സമ്മാനം കിട്ടാതെ കരഞ്ഞ് വിളിച്ച് വീട്ടിൽ വന്ന എന്നെ എതിരേറ്റത് ഉമ്മറത്തിരിക്കുന്ന അപ്പൂപ്പനാണ്. “അയ്യോ, ഇവനല്ലാതെ വേറെയാർക്ക് സമ്മാനം കൊടുക്കും, ഇതെന്തൊരു അന്യായം “! എൻ്റെ നിലവിളി ഫുൾ വോള്യത്തിലായി. അകത്ത് നിന്ന് അമ്മ പുറത്തേക്ക്. ” അച്ഛൻ, മിണ്ടാതിരിക്കൂ. നീ കരഞ്ഞു ബഹളമുണ്ടാക്കാനാണെങ്കിൽ മേലിൽ ഒരു മത്സരത്തിനും പോവണ്ട. സമ്മാനം ചിലപ്പോൾ കിട്ടും, കിട്ടാതിരിക്കും “. ഉദ്ദേശിച്ച ഇടത്ത് നിന്ന് സപ്പോർട്ടില്ലാണ്ടായപ്പോൾ ഞാൻ കണ്ണീരൊക്കെ തുടച്ച് നിർബന്ധപൂർവ്വം ജീവിതത്തിലേക്കൊരു സ്പോർട്ട്സ്മാൻ സ്പിരിറ്റ് കൊണ്ടുവന്നു.
വീട്ടിലും, ബന്ധുക്കളിലും കളിക്കൂട്ടുകാരിലും നിറയെ സ്ത്രീജനങ്ങളായിരുന്നു. “Women Power” ഞാൻ ആദ്യം അനുഭവിച്ചറിയുന്നത് ഞങ്ങളുടെ പറവൂർ തറവാട്ടിലാണ്. ശക്തമായ തീരുമാനങ്ങളും ഉറച്ച നീതിബോധവുമായിരുന്നു എല്ലാവർക്കും. അമ്മയും, വല്യമ്മമാരും, എല്ലാ സ്ത്രീകളും ഉദ്യോഗസ്ഥർ. കളിക്കൂട്ടുകാരായ പെൺകുട്ടികൾക്ക് നേരെ ഞാൻ കയ്യുയർത്തിയാൽ ശിക്ഷ കഠിനമായിരുന്നു. ഏതഭിപ്രായ വ്യത്യാസവും തർക്കിച്ച് തീർത്തോളൂ, കായികാഭ്യാസം പാടില്ല, ഇതായിരുന്നു അലിഖിത നിയമം. അടിച്ചൊതുക്കലില്ല, പറഞ്ഞു മനസ്സിലാക്കലേയുള്ളൂ.
എൺപതുകളുടെ ആദ്യം അമ്മ പ്രിൻസിപ്പലായി കണ്ണൂർ കൃഷ്ണമേനോൻ മേനോൻ മെമ്മോറിയൽ വിമൻസ് കോളേജിലേക്ക് ട്രാൻസ്ഫറാകുന്നു. എല്ലാ കാര്യങ്ങളും തികഞ്ഞ നീതിബോധത്തോടെ ചെയ്തിരുന്ന അമ്മയ്ക്ക് അത് പുതിയൊരു അനുഭവമായിരുന്നു. അഡ്മിഷൻ്റെ മാനദണ്ഡങ്ങൾ പാലിച്ചേ പറ്റൂ എന്ന് വാദിച്ച അമ്മയോട് അവിടത്തെ പാർട്ടി നേതാവ് ആജ്ഞാപിച്ചു “ഞങ്ങൾ നിർദ്ദേശിക്കുന്ന രീതിയിലും സീററ് നിർണ്ണയിക്കേണ്ടി വരും, ഇല്ലെങ്കിൽ ടീച്ചറേ, നിങ്ങൾ വഴി നടക്കില്ല”. അമ്മ റിവേർഷൻ വാങ്ങി വീണ്ടും ഫസ്റ്റ് ഗ്രേഡ് പ്രൊഫസറായി പഴയ ലാവണത്തിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റായി തിരിച്ചു പോന്നു.
Faculty of Fine Arts Dean, സെനറ്റ് അംഗം, ഇതൊക്കെയായിരുന്ന അമ്മയായിരുന്നു അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട സർക്കാർ ജോലികളുടെ ഇന്റർവ്യൂവിലെ സബ്ജക്ട് എക്സ്പേർട്ട്. ഒരു ദിവസം വീട്ടിലൊരു ഫോൺ വരുന്നു. ഭവ്യതയോടെ സംസാരിച്ച് തുടങ്ങിയ അമ്മയുടെ ശബ്ദം കടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. “എനിക്ക് ന്യായമായതേ ചെയ്യാൻ സാധിക്കൂ. സാർ എന്നെ മാറ്റി വേറെയാരെയെങ്കിലും സബ്ജക്ട് എക്സ്പർട്ടായി വച്ചോളൂ”. പിന്നീട് അമ്മ അച്ഛനോട് പറയുന്നത് കേട്ടു. ആദ്യം പ്രൈവറ്റ് സെക്രട്ടറിയും പിന്നീട് മന്ത്രിയുമാണ് വിളിച്ചത്. ഒരു കാൻഡിഡേറ്റിന് ജോലി ഉറപ്പിക്കാനുള്ള വിളി!
പിൽക്കാലത്ത് ഓർമ്മകൾ പിടികൊടുക്കാതെ ചിതറാൻ തുടങ്ങിയ സമയങ്ങളിൽ അമ്മ സ്വന്തമെന്നുറപ്പുള്ളതിനെയെല്ലാം മുറുകെ പിടിക്കാൻ ശ്രമിച്ചു തുടങ്ങി. ഞാനായിരുന്നു അമ്മയുടെ ഓർമ്മയുടെ കാവൽക്കാരൻ. “എടാ വേണു, നിൻ്റെ കയ്യിലിരിക്കുന്ന സാധനത്തിൻ്റെ പേരെന്താടാ ” ?ഞാൻ: ” മൊബൈൽ “. “അതിൽ നീയാരെയാ എപ്പൊഴും വിളിക്കുന്നേ? ഭാര്യയെയാണോ? ഞാൻ: “ഭാര്യയെയും.”, ” നിനക്കൊരു ദിവസം ഒരു പ്രാവശ്യമെങ്കിലും എന്നെ അതിലൊന്ന് വിളിച്ചാലെന്താടാ ” ?
നിറമുള്ള സാരികളിൽ, വലിയ ചുവന്ന പൊട്ടോടെ മാത്രം കണ്ട് ശീലിച്ചിരുന്ന അമ്മയുടെ അവസാനത്തെ കീഴടങ്ങലായിരുന്നു ” നൈറ്റി “. ഒരിക്കൽ ഞാൻ അമ്മയോടൊപ്പമൊരു സെൽഫി എടുക്കുന്നത് കൗതുകത്തോടെ ശ്രദ്ധിച്ചിട്ട്, “എവിടെ, കാണിച്ചു താ ” എന്നെന്നോട് പറഞ്ഞു. അമ്മയെ ചൂണ്ടിക്കാണിച്ച് “ഇതാരാടാ” എന്ന് ചോദിച്ചു. ആ തിരിച്ചറിവ് അമ്മയെ ആകെ തളർത്തുമെന്നറിയാവുന്നത് കൊണ്ട് ഞാനുടൻ വിഷയം മാറ്റി. തറയിൽ വീണുചിതറിയ കണ്ണാടി ഗോലികളെല്ലാം അടുക്കിപ്പെറുക്കിയെടുക്കാൻ വെമ്പുന്ന ഒരു കുട്ടിയെപ്പോലെയാണിന്ന് അമ്മ. ഒന്ന് വീണ്ടെടുക്കുമ്പോൾ മറ്റ് ഓർമ്മകൾ കൈവിട്ട് ചിതറിത്തെറിക്കുന്നു.
കോവിഡ് കാലത്തൊരു നാൾ ഞങ്ങളുടെ മുഖാവരണങ്ങൾ കണ്ട അമ്മ എന്നോട് “എടാ എനിക്ക് ഇത് നാല് കളറിൽ വാങ്ങിത്താ, ചുവപ്പ്, നീല, പച്ച, അങ്ങനെ. അടുത്ത പ്രാവശ്യം വീട്ടിലെത്തിയപ്പോൾ ഒരു കൊച്ചു കുട്ടി പുതിയ കളിപ്പാട്ടത്തോട് കൂടിയ പോലെ മുൻവശത്ത് അമ്മ ചുവന്ന നൈററിയും ചുവന്ന മുഖാവരണവും അണിഞ്ഞ് സുന്ദരിയായി ഇരിപ്പുണ്ടായിരുന്നു.
നാല് മാസങ്ങൾക്ക് മുൻപ് മരിച്ച അച്ഛൻ അമ്മയുടെ ഓർമ്മ പരിസരങ്ങളിൽ എവിടെയുമില്ല. ഏതാനും വർഷങ്ങളായി “അതെൻ്റെ കൂടെ വന്നൊരാൾ ” എന്നാണ് അമ്മ വിശേഷിപ്പിച്ചിരുന്നത്. താമസിക്കുന്ന വീട് ഒരു ആശുപത്രിയോ റിസോർട്ടോ, കൂടെയുള്ളത് മറ്റൊരു രോഗി, ഇതായിരിക്കണം മനസ്സിൽ. അവസാനം വരെ കൃത്യമായ ഓർമ്മയുണ്ടായിരുന്ന അച്ഛനെ ഇത് കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. അച്ഛൻ്റെ മരണശേഷം ഒരിക്കൽ അവർ കിടന്ന മുറിയ്ക്കടുത്തുകൂടെ വീൽചെയറിൽ ഉരുട്ടിക്കൊണ്ടു പോകുമ്പോൾ അമ്മ ചോദിച്ചു “എടാ, ആ മുറിയിലെ ആളെവിടെപ്പോയി?” ” അയാളുടെ വീട്ടിൽ പോയി അമ്മാ” എന്നു പറയുമ്പോൾ വിതുമ്പാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
ഓരോ പ്രാവശ്യവും എന്നെ കാണുമ്പോൾ വിളറി വെളുത്ത അമ്മയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയോളം ഭംഗി ഞാനൊരു കൊച്ചു കുഞ്ഞിൻ്റെ ചിരിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ശോഷിച്ച് വിറയാർന്ന രണ്ട് കൈകൾ എനിക്ക് നേരെ നീളും. ഒരു കെട്ടിപ്പിടുത്തത്തിൽ, ഒരുമ്മയിൽ, അമ്മ ഒരു നിമിഷ നേരത്തേക്ക് പഴയ അമ്മയാകും. ഞാൻ കൊച്ചു വേണുവും. എൻ്റെയുള്ളിലെ കുട്ടിക്കാലവും അമ്മയോളമേയുള്ളൂ. അമ്മ പോകുന്നതോടെ ഞാൻ മുതിർന്നവനാകും.
Post Your Comments