സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന തെലുങ്ക് ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്നു. തെലുങ്കിൽ ദുൽഖർ അവസാനമായി അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന്റെ വിജയത്തിന് ശേഷം അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.
ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി, സായി സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം സമ്മർ സീസണിൽ തിയേറ്ററുകളിലേക്കെത്തും.
സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ റിലീസ് ഈ ഓണത്തിനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ദുൽഖറിന്റെ കരിയർ ബെസ്ററ് പ്രകടനങ്ങളുളള ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റ്സിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും തമിഴിൽ ഒരു ചിത്രവും ദുൽഖറിന്റേതായി ഷൂട്ടിനുള്ള തയ്യാറെടുപ്പുകളിലാണ്.
ലോകവ്യാപകമായി പ്രേക്ഷകർ സ്വീകരിച്ച സീതാ രാമത്തിനും പ്രേക്ഷക പ്രശംസയും അവാർഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനു ശേഷം സ്ക്രീനിൽ ദുൽഖറിന്റെ അടുത്ത വേഷപ്പകർച്ചക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരോരോരുത്തരും. പുതിയ തെലുങ്കു ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ: പ്രതീഷ് ശേഖർ.
Post Your Comments