താനൂർ ബോട്ട് അപകടത്തിൽ 22 ജീവനുകളാണ് നഷ്ട്ടമായത്. 22 ജീവനുകൾ കുരലിൽ ചെളിയും ഉപ്പുനീരും നിറഞ്ഞ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ് പിടഞ്ഞ് തൂവൽ തീരത്ത് നിന്ന് പറന്നുപോയി. മരണത്തിലേക്ക് ടിക്കറ്റെടുത്ത ആ പാവങ്ങളുടെ ഓർമ്മകൾ ഈ അപകടത്തിന് ഒത്താശ ചെയ്ത കൈക്കൂലിക്കാരുടെയും രാഷ്ട്രീയ മേലാളൻമാരുടെയും മേൽ ചിറകടിച്ച് പറക്കട്ടെ, ആ ചിറകടികൾ അവരുടെ രാപ്പകലുകളെ ഭീതിതമാക്കട്ടെ. അതുമാത്രമേ ഈ ലോകത്ത് സാധ്യമാകൂ. നിയമത്തിന് മുൻപിൽ അവരെത്തില്ലല്ലോ എന്ന് ഹരീഷ് പേരടി കടപ്പാടോടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
അപകടത്തിന് ശേഷം മാത്രം ഉണരുന്ന കേരളം, മത്സ്യബന്ധനബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും. ആ സൂചന നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും ആരും ഇടപെട്ടില്ല പോലും. ഒരുമാസത്തിലേറെ ഫിറ്റ്നസ്സോ രജിസ്ട്രേഷനോ ഒന്നുമില്ലാതെ ഈ സംഗതി പ്രവർത്തിച്ചത് കേരളത്തിലാണ് എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
മത്സ്യബന്ധന യാനത്തിന് രജിസ്ട്രേഷൻ നൽകുന്ന വകുപ്പ് മുതൽ എത്രയെത്ര ഡിപ്പാർട്ട്മെന്റുകൾ ഈ ദുരന്തത്തിന് കാരണക്കാരാണെന്നോ. ഈ ഉൾനാടൻ യാനത്തിന് വേണ്ട രേഖകൾ എന്തൊക്കെയെന്ന് വെറുതെ ഒന്ന് നോക്കിയാൽ മനസ്സിലാകുന്നതേയുള്ളു അധികാരികളുടെ കണ്ണടക്കലിന്റെ ഗുരുതരാവസ്ഥ.
1. ഉൾനാടൻ യാനത്തിന് വേണ്ട ലൈസൻസ് ( Licence of Inland Vessel)
2. ഉൾനാടൻ യാനത്തിന് വേണ്ട സർവ്വേ സർട്ടിഫിക്കറ്റ് (Survey Certificate of Inland vessel).
3. ഉൾനാടൻ യാനത്തിന് വേണ്ട ഇൻലന്റ് ഡോക്കിങ് സർട്ടിഫിക്കറ്റ്/ഡോക്കിങ് യാർഡ് സർട്ടിഫിക്കറ്റ് (Docking Certificate of Inland Vessel Docking Yard Certificate).
4. ബോട്ടിന്റെ ചുമതലക്കാരായ ലാസ്കർ, സ്രാങ്ക്/ഡ്രൈവർ, എഞ്ചിൻ ഡ്രൈവർ എന്നിവർക്കുള്ള ക്രൂ സർട്ടിഫിക്കറ്റ്, മാസ്റ്റർ സർട്ടിഫിക്കറ്റ് എന്നിവ.
ഇവ നൽകേണ്ടതോ, അതാത് തുറമുഖം വകുപ്പുകളും. ചീഫ് സർവേയർ, ചീഫ് എക്സാമിനർ, സർവ്വേയർ തുടങ്ങിയവർ. അനങ്ങിയിട്ടില്ല ടിയാൻമാർ ഇതുവരെ. ആ പുഴയിൽ ഈ മരണയാനത്തിന് വേണ്ടി അനുവാദമില്ലാതെ തട്ടിക്കൂട്ട് ജട്ടി ഉണ്ടാക്കിയിട്ട് ബന്ധപ്പെട്ട അധികാരികൾ (പല വകുപ്പുകൾ ഉണ്ട് ഇതിൽ) കണ്ണടച്ച് ഇരുട്ടാക്കി. ജനപ്രതിനിധികൾ അടക്കം നാട്ടുകാർ പരാതിപ്പെട്ടിട്ട് പോലീസും ഡി റ്റി പി സി-യും അടക്കം ഒരുത്തനും അനങ്ങിയില്ല.
കഷ്ടം. ഇതാണ് കേരള സ്റ്റോറി. ഇതാണ് കേരളം വിനോദ സഞ്ചാരികൾക്ക് നൽകുന്ന സുരക്ഷ. പോട്ടെ, അഴിമുഖങ്ങൾ അപകടമാണെന്ന് ഏതൊരു തീരദേശവാസികൾക്കും അറിയാം. പ്രവചനാതീതമായ ഒഴുക്കും ചുഴിച്ചുറ്റുകളും വേലിയിറക്കത്തിനും വേലിയേറ്റത്തിലും അനുഭവപ്പെടുന്ന മരണവാതിലുകൾ. അതറിഞ്ഞുകൊണ്ടും ഇരുൾ പരക്കുന്ന വേളയിൽ യാത്രക്ക് തുനിഞ്ഞ ബോട്ട് ജീവനക്കാർ. ആശങ്ക ഏതുമില്ലാതെ സുരക്ഷാസംവിധാനങ്ങളില്ലാത്ത യാനത്തിൽ യാത്രക്ക് തുനിഞ്ഞ യാത്രികർ. കേരളമാണിത്, ഇത് കേരള സ്റ്റോറിയും.
നൂറ്റാണ്ട് മുൻപ് പല്ലനയാറ്റിൽ പൊലിഞ്ഞ കുമാരനാശാൻ അടക്കം 23 ജീവനുകൾ തുടങ്ങി 18 ജീവനുകൾ അപഹരിച്ച തട്ടേക്കാട് തട്ടിക്കൂട്ട് യാനവും അമിതഭാരം, സുരക്ഷാ സംവിധാനമില്ലായ്മ അടക്കം 22 പെഴവുകളുണ്ടായിരുന്ന 45 ജീവനുകളെടുത്ത തേക്കടി ദുരന്തമടക്കം മുന്നിലുണ്ടായിട്ടും ഈ ദുരന്തം കേരളത്തിൽ ഉണ്ടായെങ്കിൽ ഉത്തരവാദിത്തം കൈക്കൂലിയും രാഷ്ട്രീയബന്ധങ്ങളും മാത്രമാണെന്ന് സംശയമില്ലാതെ പറയാം.
എല്ലാം ശരിയായ കേരളമാണല്ലോ ഇത്, ഒരു കുടുംബത്തിൽ ഒരുമിച്ച് ഉണ്ടുറങ്ങേണ്ട കുരുന്നുകളടക്കം 22 ജീവനുകൾ കുരലിൽ ചെളിയും ഉപ്പുനീരും നിറഞ്ഞ് ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ് പിടഞ്ഞ് തൂവൽ തീരത്ത് നിന്ന് പറന്നുപോയി. മരണത്തിലേക്ക് ടിക്കറ്റെടുത്ത ആ പാവങ്ങളുടെ ഓർമ്മകൾ ഈ അപകടത്തിന് ഒത്താശ ചെയ്ത കൈക്കൂലിക്കാരുടെയും രാഷ്ട്രീയ മേലാളൻമാരുടെയും മേൽ ചിറകടിച്ച് പറക്കട്ടെ, ആ ചിറകടികൾ അവരുടെ രാപ്പകലുകളെ ഭീതിതമാക്കട്ടെ. അതുമാത്രമേ ഈ ലോകത്ത് സാധ്യമാകൂ. നിയമത്തിന് മുൻപിൽ അവരെത്തില്ലല്ലോ,
കേരളമല്ലേ ഇത്.
Post Your Comments