തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെപ്പറ്റിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയെ വിമര്‍ശിച്ച് എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം രംഗത്ത്. രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ പോലും ചോദ്യം ചെയ്യുന്ന, വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് എഎ റഹീം ആരോപിച്ചു.
സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ രാജ്യത്തെ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമയെന്നും രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും എഎ റഹീം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണമെന്നും എഎ റഹീം കൂട്ടിച്ചേർത്തു.
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ദ കേരള സ്റ്റോറി’ എന്ന വിദ്വേഷ സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ഈ വിദ്വേഷ സിനിമയ്ക്ക് പിന്നില്‍ ആരാണെന്ന് ഏവര്‍ക്കും മനസ്സിലായല്ലോ?? കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും, സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ.
രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ പോലും ചോദ്യം ചെയ്യുന്ന, വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.
വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസ്സായി രജനി: ജയിലർ റിലീസ് തീയതി പുറത്ത്
വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നല്‍കുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതില്‍നിന്ന് വ്യക്തമാകുന്നു. രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.പ്രധാനമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്. ആ പദവിയില്‍ ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകള്‍ പ്രധാനമന്ത്രി പദത്തിലുരുന്നു പറയരുത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള ശ്രീ നരേന്ദ്രമോഡിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. സോമാലിയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി ഇപ്പോള്‍ മറ്റൊരു തലത്തില്‍ കേരളത്തെ അപമാനിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. എന്നിട്ടും ഒരു വിദ്വേഷ സിനിമയെ മുന്‍ നിര്‍ത്തി ഈ അഭിമാനകരമായ കേരളത്തെ അപമാനിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.പ്രസ്താവന പിന്‍വലിച്ചു പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം
Post Your Comments