
ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഈ പടവാൾ നമ്മുടെ കേരളത്തിൽ തരം പോലെ വളച്ചൊടിച്ചു ഉപയോഗിക്കപ്പെടുന്ന ഒന്നാണെന്ന സത്യം നിങ്ങൾ എത്ര പേര് അംഗീകരിക്കും? ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കെതിരെയും, ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ഉയർന്നുപൊങ്ങുന്ന ഈ വാൾ, ന്യൂനപക്ഷങ്ങൾക്കെതിരെ മാത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് കൃഷ്ണകുമാർ ചോദിക്കുന്നു.
കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് വായിക്കം
ചുവന്ന നിറമുള്ള പോസ്റ്റർ. അതിൽ നഗ്നയായ, ആഭാസമായ രീതിയിൽ കാലുകൾ കവച്ചുവെച്ച നിലയിൽ ഇരുന്നു വീണ വായിക്കുന്ന സ്ത്രീരൂപം. വലതുവശത്ത് ഇങ്ങനെ എഴുതിരിക്കുന്നു, ‘നിങ്ങൾ ഈ ചിത്രം കാണരുതെന്ന് അവർ തീരുമാനിച്ചിരിക്കുന്നു’. എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടന ഒരിക്കൽ പുറത്തിറക്കിയ ഒരു പോസ്റ്റർ ആണിത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ പടച്ചിറക്കിയ ഈ സൃഷ്ടി ഒരു വികൃതസൃഷ്ടി ആയിമാറുന്നത് ആ സ്ത്രീരൂപത്തിനു താഴെ ഹിന്ദിയിൽ സരസ്വതി എഴുതിയിരിക്കുന്നത് കാണുമ്പോഴാണ്. അതേ, വിദ്യാദേവതയായി നാം കാണുന്ന സരസ്വതിദേവിയെ, ആവിഷ്കാര സ്വാതന്ത്ര്യമാണത്രെ! ഇത് കേരളമാണത്രെ.
ഏതാനും വർഷങ്ങൾക്കുമുൻപ് വേറൊരു ഇടത് ചലച്ചിത്രകാരൻ പുറത്തിറക്കിയ സിനിമയുടെ പേരാണ് സെക്സി ദുർഗ്ഗ. സെക്സി ഫാത്തിമ എന്ന് പേരിടാത്തതെന്തെന്നു ചോദിക്കരുത്. എന്താണെന്നല്ലേ? ആവിഷ്കാര സ്വാതന്ത്ര്യമാണ്, ഇത് കേരളമാണ്.
“ദി കേരള സ്റ്റോറി” എന്ന സിനിമയാണല്ലോ ഇപ്പോഴത്തെ വിവാദവിഷയം. ഒരേയൊരു കാര്യം മാത്രം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഈ പടവാൾ നമ്മുടെ കേരളത്തിൽ തരം പോലെ വളച്ചൊടിച്ചു ഉപയോഗിക്കപ്പെടുന്ന ഒന്നാണെന്ന സത്യം നിങ്ങൾ എത്ര പേര് അംഗീകരിക്കും? ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കെതിരെയും, ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ഉയർന്നുപൊങ്ങുന്ന ഈ വാൾ, ന്യൂനപക്ഷം വരുന്ന മുസ്ലിം സമുദായത്തിനെതിരായി ഒരിക്കലും പക്ഷെ തലപൊക്കില്ല, തല പൊക്കിയ ചരിത്രമില്ല. മുസ്ലിം സമുദായത്തിലെ സഹോദരങ്ങളോട്, കാര്യങ്ങളെ ശരിയായ രീതിയിൽ കാണുന്ന, വിവേകവും സാമൂഹിക പ്രതിബദ്ധതയുമുള്ള അംഗങ്ങളോട് എനിക്ക് എന്നും ആദരവും സ്നേഹവും മാത്രമേയുള്ളൂ. അവരോടുള്ള എന്റെ അപേക്ഷ ഇതുമാത്രമാണ്. നിങ്ങളിൽപ്പെടുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ ഇടതും വലതും മുന്നണികളുടെ കൂടെ ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന തെറ്റായ നറേറ്റിവ് – അതിനെതിരെ നിങ്ങളാണ് ശബ്ദമുയർത്തേണ്ടത്. ഒരു യഥാർത്ഥ മുസൽമാൻ ചെയ്യേണ്ടത് അതാണ്. കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നുണ്ട്. പരസ്പരം സ്നേഹിക്കുന്ന രണ്ടു മനസ്സുകളെ പിരിക്കാനല്ല, മറിച്ച്, ആ പേരിൽ തീവ്രവാദം നടത്തുന്ന ഭീകരസംഘടനയ്ക്കു വളക്കൂറുള്ള മണ്ണായി നമ്മുടെ നാടിനെ മാറ്റാൻ അനുവദിക്കാതിരിക്കാനാണ് ഇത്തരം സിനിമകളും ഉദ്ദേശിക്കുന്നത്.
ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിലുംകൂടി പറയട്ടെ. സഭ്യമായ രീതിയിൽ സംവദിക്കുന്ന കലാസൃഷ്ടികളെ നിരോധിക്കാൻ ഒരിക്കലും പാടില്ല. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു വിഭാഗം ജനതയെ അവഹേളിക്കാനും പാടില്ല. “ദി കേരള സ്റ്റോറി” ഇന്ന് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന അതീവ ഗുരുതരമായ ഒരു പ്രവണതയെ തുറന്നു കാണിക്കാൻ ശ്രമിക്കുക മാത്രമാണ്. ട്രോളാൻ ഓടിവരുന്ന സഹോദരീ സഹോദരന്മാർ ഒരു മിനിറ്റ് സാവകാശം ചിന്തിച്ച ശേഷം വരിക. കേരളത്തിൽ നിന്നും മതം മാറ്റപ്പെട്ടു ഐ എസ് ഐ എസിൽ ചേരേണ്ടിവന്ന യുവതികൾ ഇല്ലേ? (മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പത്ര സമ്മേളനത്തിൽ കണക്കുകൾ വെച്ചു പറഞ്ഞിട്ടുണ്ട്.) ഇന്നും ഇപ്പോഴും നാം വാർത്തകളിൽ ലൗ ജിഹാദിന്റെ കഥകൾ വായിക്കുന്നില്ലേ? കേവലമൊരു മതപരമായ പ്രശ്നത്തിനുപരിയായി, രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു ഗുരുതര ദേശീയ പ്രശ്നമാണിത്. ചിന്തിക്കുക. ഏവർക്കും നന്മകൾ നേരുന്നു. ജയ്‌ഹിന്ദ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments