നന്ദമൂരി താരക റാമുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി സൂപ്പർ താരം രജനീകാന്തും പങ്കെടുത്തിരുന്നു.
ചടങ്ങിൽ വച്ച് എൻടിആറിന്റെ മകനായ നന്ദമൂരി ബാലകൃഷ്ണനെ പ്രശംസിച്ച് രംഗത്ത് വരുകയായിരുന്നു രജനീകാന്ത്. തനിക്കോ അമിതാഭ് ബച്ചനോ ചെയ്യാനാകാത്ത പലതും ബാലയ്യക്ക് ചെയ്യാനാകുമെന്നും രജനീകാന്ത് പറഞ്ഞു.
നന്ദമൂരി താരക റാമുവിന്റെ നൂറ് വർഷങ്ങൾ ആഘോഷം നടക്കുന്നതിനിടയിലാണ് രജനീകാന്ത് ബാലയ്യയെ പ്രശംസിച്ച് രംഗത്തെത്തിയത്. ബാലയ്യയുടെ ഒറ്റനോട്ടം മതി എല്ലാം തവിട് പൊടിയാകാൻ, ഒരു ചെറിയ കണ്ണിറുക്കൽ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാൻ സാധിക്കും, കൂടാതെ വാഹനം മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും സാധിക്കും.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർ ആരെക്കൊണ്ടും ഇത്തരത്തിൽ ചെയ്യാൻ സാധിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. അഥവാ ചെയ്താൽ തന്നെ ആരും അംഗീകരിക്കാനും പോകുന്നില്ലെന്നും താരം പറഞ്ഞു.
ബാലയ്യയിൽ ജനങ്ങൾ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛൻ എൻടിആറിനെ തന്നെയാണ്. ബാലയ്യ ചെയ്യുന്നതെല്ലാം അതിനാൽ ജനങ്ങൾ അംഗീകരിക്കും, അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സിനിമയിലും ഇനിയും ശോഭിക്കാനാകട്ടെ എന്നും രജനീകാന്ത് ആശംസിച്ചു.
Post Your Comments