കൊച്ചി : കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിൽ 637 തീയേറ്ററുകൾ അടച്ച് പൂട്ടിയെന്ന് ഉടമകളുടെ സംഘടനയായ ഫിയോക്ക്. നേരത്തെ 1250 തീയേറ്ററുകളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. നിലവില്‍ 613 എണ്ണം മാത്രമാണുള്ളതെന്നും ഫിയോക്ക് വ്യക്തമാക്കി.
തിയറ്റർ വ്യവസായം തുടര്‍ന്നുകൊണ്ട് പോകാനുള്ള സാഹചര്യം ഇല്ലാത്തത് തന്നെയാണ് അടച്ച് പൂട്ടലിലേക്ക് നയിച്ചതെന്നും ഫിയോക്ക് പ്രതിനിധിയും ഷേണായിസ് ഗ്രൂപ്പ് മാനേജിങ് പാട്നറുമായ സുരേഷ് ഷേണായി പറഞ്ഞു. തട്ടിക്കൂട്ട് സിനിമകള്‍ നല്‍കി ഒടിടി പ്ലാറ്റ്ഫോമുകളെയും പറ്റിച്ച് തുടങ്ങിയതോടെ അവരും നിലപാട് മാറ്റിയെന്നും തീയേറ്ററില്‍ റിലീസ് ചെയ്യാത്ത സിനിമകള്‍ ഇപ്പോള്‍ മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകള്‍ എടുക്കുന്നില്ലെന്നും ഫിയോക്ക് പറയുന്നു.
തീയേറ്ററില്‍ ആളുകയറാത്ത ഏതെങ്കിലും ചിത്രത്തിന് സമീപകാലത്ത് ഒടിടിയില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടോയെന്നും ഫിയോക്ക് ചോദിക്കുന്നു. നിലവാരമില്ലാത്ത സിനിമയ്ക്ക് തീയേറ്ററിലോ ഒടിടിയിലോ പ്രേക്ഷകരുണ്ടാകില്ല. അന്യഭാഷ ചിത്രങ്ങള്‍ വിജയിക്കുന്നതിവിടെയാണെന്നും തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം 90 ശതമാനം തീയേറ്റുകളും ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ നിലവില്‍ തീയേറ്ററില്‍ വിജയിക്കുന്ന ചിത്രങ്ങളാകട്ടെ വിരലില്‍ എണ്ണാവുന്നവയും. നേരത്തെ ഒരുവര്‍ഷം അന്‍പത് മലയാള ചിത്രങ്ങളെങ്കിലും വാണിജ്യപരമായി വിജയമായിരുന്നെങ്കില്‍ ഇപ്പോള്‍ പരമാവധി ഓടുന്നത് പതിനഞ്ച് ചിത്രങ്ങളാണ്. അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് തീയേറ്ററുകള്‍ക്ക് ആശ്വാസമെന്നും എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് മുന്‍പ് കൂടുതല്‍ തീയേറ്ററുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്നും സുരേഷ് ഷേണായി പറഞ്ഞു.
Post Your Comments