കേരള സ്റ്റോറി സിനിമക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ഈ സിനിമ ഉപകരിക്കുകയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കേരള സ്റ്റോറിക്ക് പിന്നിൽ വർഗീയ അജണ്ട മാത്രം, ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും കേരളത്തിലെ മത നിരപേക്ഷതയിൽ വിഷം കലക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ വിഷം കലക്കി വളരെ അപകടകരമായ ഒരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്, മത സ്പർദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ പാടില്ല, പ്രസംഗം പോലും നടത്താൻ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, ഇത് മത സ്പർദ്ദ ഉണ്ടാക്കുക മാത്രമല്ല, വർഗീയ കലാപത്തിലേക്ക് നയിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേരളസ്റ്റോറിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രചരണത്തിലൂടെ തിരഞ്ഞെടുപ്പാണ് ചിലർ ലക്ഷ്യം വക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം, സംസ്ഥാനത്ത് കാണാതായതായി ആരോപിക്കപ്പെടുന്ന “ഏകദേശം 32,000 സ്ത്രീകൾ ഉണ്ടെന്നും എന്നാൽ പിന്നീട് ഇവരെല്ലാം ഐഎസിൽ ചേർന്നുവെന്നുമാണ് പറയുന്നത്. പുറത്തിറങ്ങി ഇതിനോടകം ചിത്രം വൻ വിവാദങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
തെറ്റായ അവകാശവാദങ്ങളിലൂടെയും സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ലക്ഷ്യമിട്ടെത്തിയ വിവാദചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
Post Your Comments