അന്തരിച്ച ഹാസ്യ സാമ്രാട്ട് മാമുക്കോയയ്ക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിരുന്നു. നിരവധി ആളുകളാണ് വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി ലളിതശ്രീ. ‘അമ്മ’ സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറയുന്നു.
നാളെ താൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു എന്നും അതുകൊണ്ടു മാത്രം ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നും നടി ചോദിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘വളരെ ഖേദഃപൂർവമാണ് ഞാൻ ഇക്കാര്യം അറിയിക്കുന്നത്. ഓൺലൈൻ മീഡിയയിൽ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടിനടന്മാർ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തിൽ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയിൽ ആയിരുന്നെങ്കിൽ എന്നൊക്കെ വായിൽ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയിൽ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയിൽ പറയുന്നു. ഞാൻ ആ സംഘടനയിൽപ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്.
അദ്ദേഹം ചെല്ലുന്നതുതന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പർ സ്റ്റാറുകൾ എത്തിയില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാൽ വല്ലതും വിളിച്ചു പറഞ്ഞാൽ ഓൺലൈനിൽ വൈറൽ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങൾക്കു പിന്നിൽ. പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പർ സ്റ്റാർസിനുള്ള ആരാധകർ ഇതുകണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീർച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറൽ അവസാനിപ്പിക്കുക. നാളെ ഞാൻ ചെന്നൈയിൽ മരിച്ചാൽ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക’, ലളിതശ്രീ കുറിച്ചു.
അതേസമയം, മാമുക്കോയക്ക് അർഹിച്ച ആദരവ് ലഭിച്ചില്ലെന്ന പരാതി സോഷ്യൽ മീഡിയകളിൽ നിറയുകയും, തുടർന്ന് ഇത് വിവാദമാവുകയും ചെയ്ത സാഹചര്യത്തിൽ ഇതിനെതിരെ മാമുക്കോയയുടെ മകൻ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും കൃത്യമായി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും, അതിനാൽ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുതെന്നുമാണ് മകൻ നിസാർ വിശദീകരിച്ചത്.
Post Your Comments