General

സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്നത് നടീനടൻമാരടക്കം പത്തോളം പേരെന്ന് എക്‌സൈസ്, രക്ഷിക്കുന്നത് സംഘടനകളെന്ന് വിമർശനം

തിരുവനന്തപുരം: സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്ന പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങൾ ശേഖരിച്ചതായി എക്‌സൈസ്. സിനിമാ മേഖലയിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്നവരിൽനിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും അവരുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് സിനിമാപ്രവർത്തകരിലേക്ക് അന്വേഷണ സംഘം എത്തുന്നത്.

സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കിൽ പ്രതിഷേധം ഉയരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റെയ്ഡ് നടത്തുമ്പോൾ ഷൂട്ടിങ് തടസ്സപ്പെടാം. കോടികൾ മുടക്കുന്ന വ്യവസായമായതിനാൽ ഷൂട്ടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും. കേസെടുത്താൽ സിനിമാ സെറ്റുകളിൽ ഉള്ളവർ കോടതിയിൽ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും. സിനിമയിലുള്ളവർ തന്നെ മുൻകൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജൻസികൾക്ക് ഉടൻ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്സൈസ് കണ്ടെത്തൽ. സിനിമാ സെറ്റുകളിൽ രാസലഹരി ഉപയോഗം വർദ്ധിക്കുന്നതായുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണികളെന്നും ഇവർ പറയുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴും ഫോൺ രേഖകൾ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ലഭിച്ചു. സെറ്റുകളിൽ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാൽ, സിനിമാ സംഘടനകളിൽനിന്നും സഹകരണം ലഭിക്കാത്തതിനാൽ തുടരന്വേഷണം നടത്താനായില്ലെന്ന് അധികൃതർ പറ​യുന്നു.

 

shortlink

Related Articles

Post Your Comments


Back to top button