ബോളിവുഡ് താരം കങ്കണ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന താരമാണ്. പതിവായി ആരോപണങ്ങൾ ഉന്നയിക്കുകയും സോഷ്യൽ മീഡിയയിലടക്കം ആക്ടീവായി ഇടപെടുകയും ചെയ്യുന്ന താരം കൂടിയാണ് കങ്കണ.
നടി കങ്കണയുടെ മുംബൈയിലെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായാണ് ബുദ്ധമത വിശ്വാസികളെത്തിയിരിക്കുന്നത്. കങ്കണ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്.
ടിബറ്റൻ നേതാവ് ദലൈലാമയും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഒരുമിച്ചുള്ള ചിത്രമാണ് കങ്കണ പങ്കുവച്ചത്. ദലൈലാമ ഒരു കുട്ടിയെ ചുംബിച്ചത് വൻ വിവാദമായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പങ്കുവക്കപ്പെട്ട കങ്കണയുടെ ചിത്രം വൻ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു.
നിർദോഷകരമായ തമാശയാണ് പങ്കുവച്ചതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും താരം പറയുകയും വിശ്വാസികളോട് മാപ്പ് ചോദിക്കുകയും ചെയ്തു. “പാലി ഹില്ലിലെ എന്റെ ഓഫീസിന് പുറത്ത് ഒരു കൂട്ടം ബുദ്ധമതക്കാർ ധർണ്ണ ചെയ്യുന്നു. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചില്ല, ദലൈലാമയുമായി ബൈഡൻ ചങ്ങാത്തത്തിലായതിനെക്കുറിച്ചുള്ള നിരുപദ്രവകരമായ തമാശയാണിത്. ദയവ് ചെയ്ത് പിരിഞ്ഞു പോകണമെന്നും താരം അഭ്യർഥിച്ചിരുന്നു.
തന്നെ കാണാനെത്തിയ ബാലനെ ചുംബിച്ചതും നാവ് നുകരാൻ ദലൈലാമ ആവശ്യപ്പെടുന്നതും സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് കുട്ടിയോടും കുടുംബത്തോടും ദലൈലാമ ക്ഷമാപണം നടത്തിയിരുന്നു.
Post Your Comments