ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ ജനറൽ കൗൺസിലിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഏതാനും യുവ നടൻമാർ മലയാള സിനിമാ ലോകത്ത് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നു.
നിർമ്മാതാവും ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലനും സമാനമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഏതാനും മലയാള നടൻമാർ സിനിമാ സെറ്റുകളിലടക്കം നിരന്തരം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുകയാണെന്നും, ഫോൺ വിളിച്ചാൽ പോലും എടുക്കില്ലെന്നും ഷിബു പറയുന്നു.
സിനിമയിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്നും തുറന്ന് പറഞ്ഞിരുന്നു. അണിയറ പ്രവർത്തകർ പുതിയ തലമുറയിലെ നടൻമാരോട് എന്തോ തെറ്റ് ചെയ്തെന്ന രീതിയിലാണ് ഏതാനും യുവ നടൻമാർ ഇടപെടുന്നതെന്നും ഇത്തരക്കാരുടെ പെരുമാറ്റം അസഹ്യമാണെന്നും ഷിബു വ്യക്തമാക്കി.
ഷൂട്ടിങിന് സമയത്ത് എത്താതിരിക്കുക, വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, എന്നിങ്ങനെ പോകുന്നു ചിലർ ചെയ്യുന്ന ദ്രോഹങ്ങൾ. അവരെ അവരുടെ വഴിക്ക് വിടണമെന്നും, അതിലൊരാൾക്ക് അമ്മയിൽ അംഗത്വം എടുത്ത് കൊടുത്തതിൽ അതിയായി ഖേദിക്കുന്നുവെന്നും ഷിബു പറഞ്ഞു.
സിനിമാ നിർമ്മാതാക്കൾ ഇവരുടെയൊന്നും പിറകെ പോകരുതെന്നും, അവർ വീട്ടിലിരുന്ന് റസ്റ്റ് എടുക്കുകയും ചെയ്യട്ടെ. നമ്മൾ അങ്ങോട്ട് പണം നൽകി തലവേദന എന്തിന് വരുത്തണം എന്നും ഷിബു കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments