ജിഷ്ണു വിജയൻ നായർ
സത്യത്തിൽ ‘കള്ളനും ഭഗവതിയും’ എന്ന ഈ ചിത്രത്തിന്റെ കഥാകൃത്തിനോട് ഇന്നലെ വൈകുന്നേരം കുറച്ചു സമയം സംസാരിച്ചതിനുശേഷമാണ് ഈ കുറിപ്പ് എഴുതുന്നത്. ഈ ചിത്രത്തിന്റെ കഥാകൃത്ത് എൻ്റെ നാട്ടുകാരനായ ഏറെ പ്രിയപ്പെട്ട അനിലേട്ടൻ, അദ്ദേഹം ഇപ്പോൾ ഒരു ചികിത്സയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലാണെങ്കിൽ പോലും കുറച്ചു സമയം അദ്ദേഹത്തിനോട് സംസാരിക്കാൻ സാധിച്ചത് വലിയൊരു കാര്യമായി കരുതുന്നു. നമ്മൾ ആസ്വദിച്ച ഒരു സിനിമയെക്കുറിച്ച് അതിന്റെ കഥാകൃത്തിനോട് തന്നെ സംസാരിക്കുക എന്നുള്ളത് തീർച്ചയായും വലിയൊരു ഭാഗ്യം തന്നെയാണ്. ‘കള്ളനും ഭഗവതിയും’ എന്ന ഈ സിനിമ ഒരു വലിയ വിജയമായതിൽ കഥാകൃത്ത് എന്ന രീതിയിൽ അദ്ദേഹത്തിനുള്ള സന്തോഷത്തോടൊപ്പം ഞങ്ങൾ പ്രേക്ഷകർക്കുമുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു.
സത്യം പറഞ്ഞാൽ കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ഗ്രാമാന്തരീക്ഷത്തിലുള്ള, ഭക്തിയിൽ അധിഷ്ഠിതമായ, എന്നാൽ എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സിനിമ കാണുന്നത്. ഒരു കരോൾ ഗാനത്തോട് കൂടിയാണ് ഈ ചിത്രം ആരംഭിക്കുന്നത്. മാത്തപ്പൻ എന്ന ഒരിക്കലും കട്ടിട്ടില്ലാത്ത കള്ളനും അവനൊപ്പം ചേരുന്ന ഭഗവതിയും തീർച്ചയായും നർമ്മത്തിൽ അധിഷ്ഠിതമായി, ഭക്തിയിൽ ലയിപ്പിച്ച്, അതിനപ്പുറം തമാശകളിൽ ആറാടിച്ച് നന്മയുടെ നദിക്കുമപ്പുറം നമ്മെ എത്തിക്കുന്നു.
ജീവിതത്തിൽ എപ്പോഴെങ്കിലും ഈശ്വരൻ നമ്മുടെ മുൻപിൽ ഒന്ന് അവതരിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? എന്നാൽ ജീവിത നൈരാശ്യത്തിൽ എല്ലാം നഷ്ടപ്പെട്ട ആത്മഹത്യയാണ് പോംവഴി എന്ന് വിശ്വസിക്കുന്ന മാത്തപ്പന്റെ മുൻപിലേക്കാണ് അപ്രതീക്ഷിതമായി ഭഗവതി പ്രത്യക്ഷപ്പെടുന്നത്. ഭഗവതിയും മാത്തപ്പനും തമ്മിലുള്ള തുടർ സംഭാഷണങ്ങൾ നമ്മുടെ യുക്തിയെ, ഭക്തിയെ എല്ലാം ഒരുപാട് ചിന്തിപ്പിക്കും..
ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം ഈശ്വരന് മനുഷ്യരെല്ലാവരും ഒരുപോലെയാണെന്നും സമഭാവനയോടുകൂടി നാമെല്ലാവരും ജീവിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ഈ ചിത്രത്തിൻ്റെ സന്ദേശമായി നമുക്ക് പകർന്നു കിട്ടുന്നുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന നായക നടൻ ഈ ചിത്രത്തിൽ വളരെയധികം തന്മയത്വത്തോടുകൂടി തന്നെ കാര്യങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. ഭഗവതിയായി ഉള്ള മോക്ഷയെന്ന അഭിനേത്രിയുടെ അഭിനയ ചാതുര്യത്തെ നമുക്ക് എത്ര പ്രശംസിച്ചാലും മതിയാവില്ല.. അനുശ്രീയും രാജേഷ് മാധവനും മാത്രമല്ല നടനും സംവിധായകനുമായ ജോണി ആൻ്റണി, സലിം കുമാർ, പ്രേം കുമാർ, മാലാ പാർവ്വതി, ശ്രീകാന്ത് മുരളി തുടങ്ങി എല്ലാ അഭിനേതാക്കളും വളരെ ഭംഗിയായി അവരവരുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു വെച്ചിരിക്കുന്നു. അതുമാത്രമല്ല ഇന്നത്തെ സങ്കുചിതമായ രാഷ്ട്രീയ മത ചിന്തകളെയും ഈ ചിത്രം കണക്കിന് പരിഹസിക്കുന്നുമുണ്ട്. ‘കിറ്റ് തരുന്ന ദൈവം’ പോലെയുള്ള ആക്ഷേപ ഹാസ്യങ്ങൾ കുറച്ചൊന്നുമല്ല തീയറ്ററിൽ പൊട്ടിച്ചിരിയുടെ പ്രകമ്പനം ഉണ്ടാക്കിയത്.
മാളികപ്പുറം സിനിമ പോലെതന്നെ റിലീസ് ആയി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് കൂടുതൽ ആളുകൾ ഈ ചിത്രം കാണാൻ വേണ്ടി തിയേറ്ററുകളിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയൻ എന്ന സംവിധായകന്റെ സംവിധാന മികവിനെ ഊട്ടിയുറപ്പിക്കുന്ന ചിത്രമാണ് ഇത് എന്നതിൽ യാതൊരു സംശയവുമില്ല.
ഈ ചിത്രം ഇത്ര മനോഹരമാക്കിയതിന് പിന്നിൽ കഥാകൃത്തും സംവിധായകനും കഥാപാത്രങ്ങൾക്കുമൊപ്പം ഛായാഗ്രഹണത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പങ്കും വളരെ വലുതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ വളരെയധികം ആസ്വദിച്ച ഒരു നല്ല ചിത്രം. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടൊപ്പം അനിലേട്ടൻ്റെ ആരോഗ്യത്തിനായും പ്രാർത്ഥിക്കുന്നു.
Post Your Comments