റാംജിറാവു സ്പീക്കിങ്ങിലൂടെ മലയാള സിനിമയിൽ സവിശേഷമായ ഇടം നേടിയെടുത്ത സംവിധായകർ സിദ്ദിഖ് ലാൽ സംവിധാന രംഗത്ത് നിന്ന് വേർപെട്ട് ചെയ്ത സിനിമ ഹിറ്റ്ലർ. ലാൽ സംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച് നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞപ്പോൾ സിദ്ദിഖ് സംവിധാന രംഗത്ത് തന്നെ തുടരുകയാണ് ഉണ്ടായത്. മാധവൻകുട്ടി എന്ന സഹോദരന്റെയും 5 സഹോദരിമാരുടെയും കഥ പറഞ്ഞ ഹിറ്റ്ലർ അക്കാലത്തെ മെഗാ ഹിറ്റുകളിൽ ഒന്നായിരുന്നു.
മികച്ച പാട്ടുകൾ, മികച്ച സംഘട്ടനങ്ങൾ എന്നു തുടങ്ങി ജനപ്രിയ സിനിമയ്ക്ക് വേണ്ടുന്നതായ എല്ലാ ഘടകങ്ങളെയും കൃത്യമായ അനുപാതത്തിൽ ചേർത്തുകൊണ്ടാണ് സിദ്ദിഖ് ഹിറ്റ്ലർ മാധവൻകുട്ടിയെ അണിയിച്ചൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗദീഷ്, സായികുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ ശ്രീരാമൻ, സോമൻ, നാരായണൻ നായർ, ഇടവേള ബാബു ഉൾപ്പെടെ അനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരുന്നു. നായികനിരയിൽ വാണി വിശ്വനാഥ്, ആനി, സുചിത്ര, ചിപ്പി, ഇളവരശി ഉൾപ്പെടെയുള്ളവർ എത്തി.
സ്നേഹസമ്പന്നനായ ചേട്ടൻ എന്ന സ്ഥിരം ബിംബത്തെ മുൻനിർത്തിയാണ് മമ്മൂട്ടിയുടെ മാധവൻകുട്ടിയെ ക്രമീകരിച്ചിരുന്നത്. എങ്കിലും മുൻ ചിത്രങ്ങളെക്കാൾ കൂടുതൽ തീവ്രമായി ആ ബന്ധത്തെ ആവിഷ്കരിക്കുവാൻ ഹിറ്റ്ലർ എന്ന സിനിമയ്ക്ക് കഴിഞ്ഞു
എസ് പി വെങ്കിടേഷ് -ഗിരീഷ് പുത്തഞ്ചേരി ടീം ആയിരുന്നു ഗാനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അക്കര നിക്കണ ചക്കരമാവിൽ.., മാരിവിൽ പൂങ്കുയിലേ.., നീയുറങ്ങിയോ നിലാവേ, വാർ തിങ്കളെ കാർ കൊണ്ടലിൻ, സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താനെ.. എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഒരുപിടി ഗാനങ്ങൾ ഹിറ്റ്ലർ എന്ന ചിത്രത്തെ ആകർഷകമാക്കി മാറ്റി. അതോടൊപ്പം തന്നെ മമ്മൂട്ടിയുടെ മുണ്ട് ഷർട്ടും എന്ന ഡ്രസ്സ് കോഡ് അക്കാലത്ത് വലിയ ട്രെൻഡ് ആയി മാറിയിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ വിജയങ്ങൾ നേടിയ സിനിമയ്ക്കൊപ്പമാണ് ഹിറ്റ്ലറിന്റെ സ്ഥാനം. 27 വർഷം പിന്നിടുന്ന ഈ കാലയളവിൽ ഹിറ്റ്ലർ എന്ന സിനിമ കാണുന്നതിന് പ്രേക്ഷകർക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ചിത്രത്തെ സംബന്ധിച്ച് ഏറെ രസകരമായ ഒരു കാര്യം എന്നത് ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകൾ കാണിക്കുന്നത് ഏകദേശം 45 മിനിറ്റോളം പിന്നിട്ടതിനുശേഷം ആണ്, അത് അക്കാലത്തെ ഒരു പുതുമ തന്നെയായിരുന്നു.
‘അവൾ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ മാധവൻകുട്ടി’- സോമന്റെ വളരെ സെന്റി ആയ ഈ ഒരു ഡയലോഗ് കേരളത്തിലെ മിമിക്രി വേദികളിലും ടെലിവിഷൻ ഷോകളിലും ഏറെക്കാലം നിറഞ്ഞു കളിച്ചു. സ്ത്രീവിരുദ്ധതയുടെയും ആണധികാരബോധങ്ങളുടെയും പഠനങ്ങളിൽ ഹിറ്റ്ലർ അനിവാര്യമായി കടന്നു കൂടിയതും ഇത്തരമൊരു പശ്ചാത്തലത്തിൽ ആയിരുന്നു
Post Your Comments