കുക്കറി ഷോകളിലൂടെ ജനമനസ്സിലേക്ക് കടന്ന താരമാണ് ലക്ഷ്മി നായർ. ടെലിവിഷനിൽ ലക്ഷ്മി നായരുടെ കുക്കറി ഷോയ്ക്കായി വീട്ടമ്മമാർ കാത്തിരിക്കുമായിരുന്നു. ഇപ്പോഴിതാ, കരിയറിൽ വളരാൻ തനിക്ക് ഭർത്താവിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം. തന്റെ വളർച്ചയ്ക്ക് പിന്നിൽ ഭർത്താവിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു എന്ന് ലക്ഷ്മി നായർ പറയുന്നു.
ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് തനിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റിയതെന്ന് ലക്ഷ്മി നായർ പറയുന്നു. ഭർത്താവ് സ്വാതന്ത്ര്യം തന്നത് കൊണ്ടാണ് എനിക്ക് വളരാൻ പറ്റിയതെന്ന് ഞാൻ പറയും. അപ്പോൾ ഫെമിനിസ്റ്റുകാർ ചോദിക്കും, സ്വാതന്ത്ര്യം ഇങ്ങനെ തന്നാലേ പറ്റൂള്ളൂ എന്നാണോ, നിങ്ങൾ ജനിച്ചപ്പോൾ മുതൽ സ്വാതന്ത്രയല്ലേ, ആരെങ്കിലും തരുന്നതാണോ സ്വാതന്ത്ര്യമെന്ന്?. അങ്ങനെ നോക്കുമ്പോൾ അല്ലെന്ന് ലക്ഷ്മി നായർ തുറന്നു സമ്മതിക്കുന്നു.
‘നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച് നമുക്ക് കുറച്ച് സ്വാതന്ത്ര്യം തന്നാലേ ഇറങ്ങാൻ പറ്റൂയെന്നത് ഫാക്ടാണ്. ഇപ്പോഴും അങ്ങനെയാണ്. അല്ലാതെ റിബലായി ഇറങ്ങിയാൽ പറ്റും. പക്ഷെ നമ്മുടെ ഫാമിലി ലൈഫ് കോംപ്രമൈസ് ചെയ്യേണ്ടി വരും. ഭർത്താവിന് താൽപര്യമില്ലാതെ ഞാൻ എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടിയിറങ്ങിയാൽ അവിടെയൊരു പ്രശ്നമില്ലേ. അതിൽ അർത്ഥമില്ല. ഏതെങ്കിലും ഒന്ന് കോപ്രമൈസ് ചെയ്താലേ വേറൊന്നു കിട്ടൂ. അങ്ങനെ കിട്ടുന്നതിലും കുഴപ്പമില്ല. പക്ഷെ എനിക്ക് എന്തോ ഭാഗ്യത്തിന് വലിയ പ്രശ്നങ്ങളൊന്നുമില്ല. ആദ്യമേ തന്നെ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ഒറ്റ കണ്ടീഷനേ ഉള്ളൂ, എന്നെ മെനക്കെടുത്തരുത് പറഞ്ഞിട്ടുണ്ട്.
അതാണ് ദൂരദർശനിലെ വാർത്താ വായന ഒരു വർഷം കഴിഞ്ഞപ്പോൾ നിർത്തിയത്. പുള്ളി പറഞ്ഞു എനിക്ക് കൊണ്ട് വിടലും വിളിച്ചോട്ട് വരലുമൊന്നും പറ്റില്ല, ലക്ഷ്മിക്ക് ഒറ്റയ്ക്ക് ഡ്രെെവ് ചെയ്ത് പോവാൻ പറ്റുമെങ്കിൽ ചെയ്തോയെന്ന്. അന്ന് ഞാൻ ഡ്രൈവ് ചെയ്ത് തുടങ്ങിയിരുന്നില്ല. രണ്ട് മണിക്ക് കൊണ്ട് വിട്ട് ഏഴരയ്ക്ക് തിരിച്ച് കൊണ്ട് വരാനൊക്കെ ഭർത്താവ് വരണമായിരുന്നു. ഷോപ്പിംഗിനും ഭർത്താവ് ഒപ്പം വരില്ല. ഭാര്യമാരോടൊപ്പം ഭർത്താക്കൻമാർ ഷോപ്പിംഗിന് പോവുന്നതിനെ വിമർശിക്കുന്നയാളാണ്.
സ്വന്തമായി അങ്ങനെ എല്ലാം ചെയ്ത് ശീലമായി. 34 വർഷം മുമ്പത്തെ കാര്യമാണിത്. അന്നൊക്കെ ഒറ്റയ്ക്ക് പോവുമ്പോൾ ഭർത്താവെവിടെയെന്ന് ചോദിക്കും. ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ ചെയ്ത് പഠിക്കണമെന്നത് പുള്ളിയുടെ പോളിസിയാണ്. പെട്ടെന്ന് ഒരാൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റെയാൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് പോവും. ആദ്യം ഞാനും ചേട്ടാ ചേട്ടാ എന്ന് പറഞ്ഞ് നടക്കുന്ന ടൈപ്പായിരുന്നു. പക്ഷെ അതിൽ നിന്നും എന്നെ മാറ്റി എടുത്തതാണ്. ഭർത്താവ് പാെതുവെ ലൈം ലൈറ്റിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ്’, ലക്ഷ്മി നായർ പറയുന്നു.
Post Your Comments