കൊച്ചി: ‘നൻപകൽ, റോഷാക്ക് പോലുള്ള പടങ്ങൾ മമ്മൂക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാൽ ഉർവശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകൾ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്’, ധന്യ വർമയുമായിട്ടുള്ള അഭിമുഖത്തിൽ റിമ പറഞ്ഞതാണിത്. മലയാള സിനിമയിൽ ഇത്തരം തരംതിരിക്കലുകളും വേർതിരിക്കലുകളും ഉണ്ടെന്നാണ് റിമ പറയുന്നത്.
തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്നും തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും ആ ഒരു സംഭവത്തിൽ നിന്നാണ് ഉള്ളിലെ ഫെമിനിസം വളർന്നതെന്നും റിമ മുൻപൊരിക്കൽ പറഞ്ഞത് ഏറെ ട്രോളുകൾക്ക് കാരണമായിരുന്നു. അന്നത്തെ തന്റെ തുറന്നുപറച്ചിൽ തന്റെ മാതാപിതാക്കൾക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് പുതിയ അഭിമുഖത്തിൽ റിമ പറയുന്നത്.
‘സ്ഥിരമായി കിട്ടുന്നില്ലെങ്കിൽ ഞാൻ കണ്ടീഷന്ഡ് ആണ്, എനിക്കറിയില്ലല്ലോ കിട്ടണം എന്ന്. കിട്ടില്ല എന്നല്ലേ വിചാരിക്കൂ. അതല്ല ഞാൻ വളർന്ന സാഹചര്യം. അനീതിയാണെന്ന് തോന്നിയാൽ പറയാൻ സാധിക്കുന്ന വീടായിരുന്നു എന്റേത്. എന്റെ അച്ഛനും അമ്മയും ഈ സമൂഹത്തിൽ, ഇവിടുത്തെ കണ്ടീഷനിംഗിന്റെ ഉള്ളിൽ തന്നെയാണ് വളർന്നത്.പക്ഷെ ഇതിനകത്തായിരിക്കുമ്പോഴും അവർക്ക് പറ്റുന്നത് പോലൊക്കെ മാറിയിട്ടാണ് എന്നെ വളർത്തിയത്.
അതുകൊണ്ടാണ് ഞാനിന്ന് ഇവിടെയിരുന്ന് സംസാരിക്കുന്നത്. എന്തെങ്കിലും ജീവിതത്തിൽ ഞാൻ വ്യത്യസ്തമായി ചെയ്തിട്ടുണ്ടെങ്കിൽ എന്റെ മാതാപിതാക്കൾ പിന്തുണച്ചത് കൊണ്ടു കൂടിയാണ്. അവർക്ക് അന്ന് വലിയ വേദനയായി. അത് സ്വാഭാവികമാണ്. ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്കും തന്നിട്ട് എന്റെ അമ്മയായിരിക്കും കഴിക്കാതിരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവർക്കും കൂടി വേണ്ടിയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഞാനതിൽ പറയുന്നുണ്ട്. പക്ഷെ അതൊന്നും ആർക്കും കേൾക്കണ്ടല്ലോ. ആൾക്കാർക്ക് ട്രോളാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ.
അച്ഛൻ അമ്മയുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത്. അമ്മയല്ല, അച്ചമ്മയാണ് അങ്ങനെ പറഞ്ഞത് കെട്ടോ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ചമ്മ അതിനും മുമ്പത്തെ തലമുറയാണ്. അച്ഛച്ചൻ നേരത്തെ മരിച്ചതാണ്. മൂന്ന് മക്കളെ അച്ചമ്മയാണ് വളർത്തിയത്. അച്ചമ്മ ഹെഡ് നേഴ്‌സായിരുന്നു. ടീച്ചറായിരുന്നു. അവസാന സമയത്ത് കിടപ്പിലായപ്പോൾ അച്ചമ്മ കടുപ്പിച്ച് പറഞ്ഞാൽ അച്ഛനൊക്കെ മിണ്ടാതെ അനുസരിക്കുമായിരുന്നു. അത്രയും പവറും പൊസിഷനും ഉണ്ടായിട്ടു പോലും ആണുങ്ങൾക്ക് ആദ്യം എന്ന് വിശ്വസിക്കാൻ തക്കതായ രീതിയിലാണ് അവർ കണ്ടീഷന്ഡ് ആയിരുന്നത്. എന്റെ അമ്മയൊക്കെ എല്ലാ ഓന്നാം തീയതിയും അമ്പലത്തിൽ പോകുന്നതാണ്. പക്ഷെ ഞാൻ വളരെ പണ്ടു തൊട്ടേ നിരീശ്വരവാദിയാണ്. അവർ ഒരിക്കലും എന്നെ ചോദ്യം ചെയ്തിട്ടില്ല. അത് വലിയൊരു കാര്യമാണ്’, റിമ പറഞ്ഞു.
Post Your Comments