‘ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും, പ്രണയം ഇല്ലാതെ പറ്റില്ല, കാമുകന്മാർ എല്ലാവരും കല്യാണം കഴിച്ചു’: ഷക്കീല

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയതാണ് ഷക്കീല. 10ാം ക്ലാസ് പരാജയപ്പെട്ടതോടെയാണ് അഭിനയിക്കാന്‍ പോയതെന്ന് ഷക്കീല പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ എത്തിയപ്പോഴായിരുന്നു ഷക്കീല ജീവിതകഥ പറഞ്ഞത്. സ്വകാര്യജീവിതവും സിനിമാജീവിതവും പ്രണയവും പ്രണയപരാജയവുമെല്ലാം ഷക്കീല തുറന്നു പറയുന്നുണ്ട്.

‘അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. മക്കളെ നന്നായി പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അതാണ് എട്ടാം ക്ലാസ് പരാജയപ്പെട്ടിട്ടും അവര്‍ എസ്എസ്എല്‍സി എഴുതാനായി നിര്‍ബന്ധിച്ചത്. പത്താം ക്ലാസ് ജയിച്ചാലല്ലേ നല്ല കല്യാണാലോചന പോലും വരുള്ളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. അത് ഇതുവരേയും വന്നില്ലെന്നുള്ളത് വേറൊരു കഥ. അന്ന് നല്ല തടിയുണ്ടായിരുന്നു. പത്താം ക്ലാസ് തോറ്റെന്ന് അറിഞ്ഞപ്പോള്‍ ഡാഡി എന്നെ അടിച്ചു. വീടിന് മുന്നിലായി ഒരു സിനിമാക്കമ്പനിയുടെ ഓഫീസുണ്ടായിരുന്നു. അടിക്കല്ലേ എന്ന് പറഞ്ഞ് ഓടി വന്ന മേക്കപ്പ്മാനായിരുന്നു എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ഡാഡിയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അഭിനയിക്കാം എന്ന് പറഞ്ഞത്. ആദ്യ കാഴ്ചയില്‍ തന്നെ എന്നെ സിനിമയിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു.

Also Read:തിയേറ്ററുകളിൽ ഹൗസ്‌ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന കള്ളനും ഭഗവതിയും ചിത്രത്തിലെ ‘മറക്കില്ല ഞാൻ’ വീഡിയോ സോംഗ് റിലീസ് ഇന്ന്

സെക്‌സ് എജ്യുക്കേഷന്‍ ഫിലിമിലായിരുന്നു ആദ്യം അഭിനയിച്ചത്. അത് അന്ന് അറിയില്ലായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രത്യേകിച്ച് പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ചെറിയ ഡ്രസിട്ട് പാട്ടൊക്കെ ചെയ്ത സമയത്തൊന്നും ആരും ഒന്നും പറഞ്ഞിരുന്നില്ല. കിന്നാരത്തുമ്പി ഇറങ്ങിയതിന് ശേഷമായിരുന്നു എതിര്‍പ്പുകള്‍ ഉയര്‍ന്നത്. എനിക്ക് കിട്ടിയ പ്രതിഫലം നേരെ ഡാഡിക്ക് കൊടുക്കുകയായിരുന്നു. ഡാഡി ക്ലബില്‍ പോയി ചീട്ട് കളിക്കും. ഒരു ദിവസം വരുമാനം കിട്ടും, ബാക്കി ദിവസം പരാജയപ്പെടും. 15 അംഗങ്ങളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്.

15ാമത്തെ വയസില്‍ ഞാന്‍ കുടുംബം നോക്കിത്തുടങ്ങിയതാണ്, ഇപ്പോഴും അത് തുടരുന്നു. പൈസ ബാങ്കില്‍ ഇട്ടാല്‍ ഇന്‍കം ടാക്‌സുകാര്‍ കൊണ്ടുപോവുമെന്ന് പറഞ്ഞ് ചേച്ചി അമ്മയോട് ക്യാഷ് വാങ്ങിക്കൊണ്ട് പോയി. അത് പിന്നെ തിരികെ തന്നില്ല. ചേച്ചിയും മക്കളുമെല്ലാം എന്റെ പൈസ ഉപയോഗിക്കാറുണ്ട്. അവരുടെ മക്കളെ പഠിപ്പിച്ചത് ഞാനാണ്. പക്ഷെ ആരും എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. ആരോടാണെന്ന് പറയുന്നില്ല. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടില്‍ വന്നിരുന്നു. ആര്‍ക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കില്‍ ഞാനുമായി പ്രണയത്തിലായാല്‍ മതിയെന്ന് ഞാന്‍ പറയാറുണ്ട്. രണ്ടാമത് പ്രണയിച്ചിരുന്ന ആള്‍ക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്. ഇപ്പോള്‍ പ്രണയിച്ചോണ്ടിരിക്കുന്ന ആള്‍ക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാന്‍ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത് എന്നറിയില്ല.

എന്നേക്കാളും പ്രായക്കുറവാണ് അവന്. അവന്റെ വീട്ടില്‍ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. എന്നോട് കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ പറയുന്നുണ്ടെന്ന് അവന്‍ പറയുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാന്‍ അത് വിടും. ഭക്ഷണമില്ലാതെ ഞാന്‍ ജീവിക്കും, പക്ഷേ, പ്രണയമില്ലാതെ പറ്റില്ല’, ഷക്കീല ചിരിയോടെ പറയുന്നു.

Share
Leave a Comment