ചിരിപ്പിച്ചും ചിന്തിപ്പിച്ചും വർഷങ്ങളായി മലയാളികളുടെ കൂടെയുള്ള പ്രിയതാരത്തിന്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് സർജനുമായ ഡോ. രമ മരണപ്പെട്ടിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. താരത്തിന്റെ ആരാധകർ വളരെ വിഷമത്തോടെയാണ് അന്ന് ആ വാർത്ത കേട്ടത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് സർജനായിരുന്നു ഡോ. രമ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി കൂടിയായിരുന്നു ഡോ. രമ.
പൊടുന്നനെ ഒരു നാൾ പ്രിയപ്പെട്ടവൾ പോയപ്പോൾ തകർന്ന് പോയെന്നും ഇപ്പോഴും അവളുടെ ഓർമ്മകളിലാണ് ജീവിതമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ജഗദീഷ്.
തന്റെ കഴിവിൽ തന്നെക്കാൾ കൂടുതൽ വിശ്വസിച്ചിരുന്നത് ഭാര്യയായിരുന്നുവെന്നും നല്ല ക്യാരക്ടർ റോളുകൾ സിനിമയിൽ ചെയ്യണമെന്ന് അവളുടെ ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.
എനിക്കിന്ന് കുഴപ്പമില്ലാതെ ക്യാരക്ടർ റോളുകൾ കിട്ടുന്നുണ്ട്, പക്ഷേ കാണാനെന്റെ രമയില്ല. രാവിലെ എണീക്കുമ്പോഴും രാത്രിയിലും എന്നിങ്ങനെ എപ്പോഴും അവളെക്കുറിച്ചാണ് ഓർമ്മയെന്നും ജഗദീഷ് വ്യക്തമാക്കി.
സിനിമയുടെ വെള്ളിവെളിച്ചമോ, സിനിമാക്കാരന്റെ ഭാര്യയെന്ന പദവിയോ ഒരിക്കലും തന്റെ ഭാര്യ ആഗ്രഹിച്ചിരുന്നില്ലെന്നും ജഗദീഷ്. രമയുടെ ജീവനെടുത്ത രോഗാവസ്ഥയെക്കുറിച്ച് അവൾക്ക് അവസാന നാളുകളിൽ നല്ല ബോധ്യം ഉണ്ടായിരുന്നുവെന്നും താരം തെല്ലൊരു വിഷമത്തോടെ പറയുന്നു.
Post Your Comments