കൊച്ചി: 2022 പുറത്ത് വന്ന മലയാള സിനിമകളിൽ വച്ചേറ്റവും മികച്ച വിജയമായ ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിനു കേരളത്തിന് പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകൻ വിപിൻ ദാസിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ‘ജയ ജയ ജയ ജയഹേ’. ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
എന്നാൽ അടുത്തിടെ ഒരു വലിയ ആരോപണം ചിത്രത്തിനും അണിയറക്കാർക്കും നേർക്ക് ഉയർന്നിരുന്നു. ‘കുങ്ഫു സൊഹ്റ’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് ‘ജയ ജയ ജയ ജയഹേ’ എന്ന ആരോപണം വലിയ രീതിയിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു. എന്നാൽ, സംവിധായകൻ വിപിൻ ദാസ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു യഥാർത്ഥ വസ്തുതകളുമായി രംഗത്ത് വന്നിരുന്നു.
ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പത്തിൽ സാധ്യമല്ലെന്നു വിവേകമുള്ളവർക്ക് മനസിലാകുമെന്നാണ് വിപിൻ പ്രതികരിച്ചത്.
‘ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു, മുകളിൽ പറഞ്ഞ ചിത്രം 9 മാർച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്.’ വിപിൻ വ്യക്തമാക്കി.
ഇപ്പോളിതാ ആരോപണം ഉന്നയിച്ചവർ തന്നെ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഹബ് ഓഫ് റിതം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ആദ്യമായി ഈ ആരോപണം ഉയർന്നത്. വിപിൻ പറഞ്ഞ കാര്യങ്ങൾ മുഖവിലക്കെടുത്തു അന്വേഷണം നടത്തിയപ്പോൾ രണ്ട് സിനിമകളും തമ്മിലുള്ള സാമ്യം യാദൃച്ഛികം മാത്രമെന്നു മനസിലായതായി ‘ ഹബ് ഓഫ് റിതം ‘ അവരുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഒപ്പം ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും, ആ പോസ്റ്റ് കാരണം ഉണ്ടായ പ്രശ്നങ്ങൾക്ക് മാപ്പ് പറയുന്നു എന്നും അവർ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
Post Your Comments