ഇന്നസെന്റിന്റെ വിയോഗത്തിൽ കണ്ണീരോടെ സിനിമാ ലോകം. വെള്ളിത്തിരയിലും അതിന് പുറത്ത് ജീവിതത്തിലും വലിയ ചിരികൾ സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നത്. മരണവിവരം അറിഞ്ഞ് സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, ദിലീപ് അടക്കമുളളവർ ആശുപത്രിയിലെത്തിയിരുന്നു.
താരസംഘടനയെ 18 കൊല്ലം നയിച്ച വ്യക്തി കൂടിയാണ് ഇന്നസെന്റ്. ഇന്നസെന്റുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളാണ് ദിലീപ്. ആശുപത്രിയിൽ കണ്ണീരണിഞ്ഞായിരുന്നു ദിലീപ് ഉണ്ടായിരുന്നത്. കണ്ണുകളിൽ ഇരുട്ട് മൂടുന്നു എന്നാണ് നടൻ ദിലീപ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ദിലീപിന്റെ കുറിപ്പ് ഇങ്ങനെ:
വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…
കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും……. ???
Post Your Comments