മലയാളം ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അഖിൽ മാരാർ, വിഷ്ണു ജോഷി, വൈബർഗുഡ് ദേവു, മനീഷ കെ.എസ്, ജുനൈസ് വി.പി, സാഗർ സൂര്യ, നാദിറ മെഹ്റിൻ, ആഞ്ചലീന മരിയ, ലച്ചു ഗ്രാം, റനീഷ റഹ്മാൻ, ഷിജു, റിനോഷ് ജോർജ്, സെറീന, ആലിയ, ഗോപിക ഗോപി എന്നിവരാണ് ഹൗസിനുള്ളിലേക്ക് പ്രവേശിച്ച മത്സരാർഥികൾ എന്നാണ് ലഭിക്കുന്ന വിവരം.
ഇവരെ കുറിച്ചറിയാൻ സോഷ്യൽ മീഡിയയ്ക്കും ആരാധകർക്കും ആകാംഷയുണ്ട്. ഇതിൽ ശോഭ വിശ്വനാഥിന്റെ ജീവിതകഥയാണ് വ്യത്യസ്തം. കനൽ വഴികളിൽ നിന്നും അതിജീവിച്ച് ജീവിതത്തോട് പൊരുതി മുന്നേറുന്ന ആക്ടിവിസ്റ്റ് ആണ് ശോഭ. ശോഭയെ മലയാളികൾക്ക് അറിയാമായിരിക്കും. കഞ്ചാവ് കേസിൽ കുടുങ്ങിയിട്ടുണ്ട്. ‘വീവേഴ്സ് വില്ലേജ്’ എന്ന സ്ഥാപനത്തിലൂടെയാണ് ശോഭ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കള്ളക്കേസിൽ കുടുക്കിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ പക തീർത്തത്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെയാണ് ശോഭ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെയും അതിനെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്നും വെളിപ്പെടുത്തിയത്.
‘കടയുടെ പുനഃർനിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു റെയ്ഡ് ഷോപ്പിൽ നടക്കുന്നത്. കഞ്ചാവ് എന്റെ ഷോപ്പിൽ നിന്നും പിടിച്ചെടുത്തു. എന്നെയും അറസ്റ്റ് ചെയ്തു. നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും എത്ര പറഞ്ഞിട്ടും ആരും കേൾക്കാൻ തയ്യാറായില്ല. നാനൂറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടുമാസം ഞാൻ അതിന്റെ പിറകെ പോയി, ആറുമാസത്തിനുള്ളിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തി. ഞാൻ ഒരു നോ എന്ന് പറഞ്ഞതാണ് ഇത്രയും വലിയ ക്രിമിനൽ സംഭവത്തിലേക്ക് ആ വ്യക്തിയെ തള്ളി വിട്ടത്. എന്നോട് പ്രണയം പറഞ്ഞു എന്നാൽ ആ വ്യക്തി ശരിയല്ല എന്നുള്ളതുകൊണ്ടാണ് ഞാൻ അന്ന് നോ പറഞ്ഞത്.
ഞാൻ വിവാഹിതയാണ്. നാല് വർഷം ഞാൻ അനുഭവിച്ചു. അറേഞ്ചഡ് വിവാഹം ആയിരുന്നു. വീട്ടിൽ ജാതകം ഒക്കെ നോക്കിയാണ് നടത്തിയത്. അദ്ദേഹം നല്ല അൽക്കോഹോളിക് ആയിരുന്നു. നല്ല മർദ്ദനവും. അതിലൂടെ പോയ ആളുകൾക്കെ അത് മനസിലാക്കാൻ ആകൂ. ഇപ്പോഴും ഡിവോഴ്സ് നടന്നിട്ടില്ല ആറുവർഷമായി ഞാൻ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഡിവോഴ്സ് തരാൻ റെഡിയല്ലാത്തത് ആണ് കാരണം. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളും കാരണം ഒരിക്കൽ ആത്മഹത്യാ ശ്രമം വരെ നടത്തി. പുള്ളിയുടെ ഉപദ്രവം സഹിക്ക വയ്യാതെ ആയതോടെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. തൂങ്ങിമരിക്കാൻ ആണ് തീരുമാനിച്ചത് എന്നാൽ ആറ്റുകാൽ അമ്മയാണ് എന്നെ രക്ഷിച്ചത്’, ശോഭ തുറന്നു പറഞ്ഞിരുന്നു.
Post Your Comments