sമലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിൽ തന്റേതായ സ്ഥാനം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് നടി സംയുക്ത. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ഉഗാതി ഉത്സവത്തിനോട് അനുബന്ധിച്ച് താരം നായികയായി വരുന്ന ഏറ്റവും പുതിയ ചിത്രമായ ’വിരുപക്ഷ‘യുടെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. എന്നാൽ, പോസ്റ്റർ റിലീസ് ആയതിന് പിന്നാലെ നിർമാതാക്കളെ വിമർശിച്ച് നടി രംഗത്തെത്തി.
‘വിരുപക്ഷ’യിലെ നായകൻ സായി ധരം തേജിൻ്റെ ക്യാരക്ടർ പോസ്റ്ററായിരുന്നു സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ തന്നെ ചിത്രവുമായി ബന്ധപ്പെട്ടു നിരാശ പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത ട്വീറ്റ് ചെയ്യുകയും ചെയ്തു. സിനിമയിൽ നിന്നുള്ള തന്റെ അപ്‌ഡേറ്റ് പുറത്തു വിടാത്തത് കൊണ്ടാണ് സംയുക്ത അതൃപ്തി പ്രകടിപ്പിച്ചത്. തന്റെ പോസ്റ്ററും പുറത്തുവിടാമെന്ന് തനിക്ക് നിർമാതാക്കൾ വാക്ക് നല്കിയിരുന്നതാണെന്ന് സംയുക്ത പറയുന്നു. തന്നെ ഇങ്ങനെ നിരാശപ്പെടുത്തരുതായിരുന്നുവെന്നും താരം പറഞ്ഞു. നിർമ്മാതാക്കളായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് മാപ്പ് ചോദിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
വിരൂപക്ഷയുടെ നായക നടൻ സായി തേജ് സാഹചര്യം സൗമ്യമായി കൈകാര്യം ചെയ്തുകൊണ്ട് മറുപടി നൽകുകയും ചെയ്തു. വൈകാതെ തന്നെ സംയുക്തയുടെ പോസ്റ്റർ പുറത്തുവിടുകയും ചെയ്തു. നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംയുക്ത അവതരിപ്പിക്കുന്നത്. നടിയിപ്പോൾ തെലുങ്ക് ചിത്രത്തിൽ സജീവമായി കൊണ്ടിരിക്കുകയാണ്.
Leave a Comment