കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് നിലവിൽ കഴിയുന്നത്. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് പറയുന്നത്.
അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായിട്ടും താരത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍സിസിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
ആദ്യഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ന്യുമോണിയ ബാധിച്ച് നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ട്. ഇതാണ് ന്യുമോണിയ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Post Your Comments