ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞ ഐറിന്‍ എന്ന പൊന്നുവിനെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി നടി സീമ ജി നായര്‍. കുഞ്ചാക്കോ ബോബനെ കാണണമെന്ന ഐറിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായതിനെ കുറിച്ചും എന്നാല്‍ കുഞ്ഞിനെ നേരിട്ട് കാണാന്‍ കഴിയും മുന്നേ അവള്‍ വിട പറഞ്ഞുവെന്നും സീമ പറയുന്നു.
read also: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനേതാവായി പ്രണവ്: സോഷ്യൽ മീഡിയയിൽ വൈറലായി ‘ബറോസ്’ ലൊക്കേഷന്‍ വീഡിയോ
സോഷ്യല്‍ മീഡിയ കുറിപ്പ്
ശുഭദിനം.. ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ (ഐറിന്‍) ഓര്‍മക്കായി.. ഏകദേശം 3 മാസങ്ങള്‍ക്കു മുന്നേ തൊടുപുഴ സ്മിത മെമ്മോറിയല്‍ ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്‌മെന്റിലെ Dr Sanjo എനിക് ഒരു മെസ്സേജ് അയച്ചു.. (എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു) എന്റെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടര്‍ നോക്കിയിരുന്നു.. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോളാണ് പൊന്നുവിനെ കുറിച്ച് ഞാന്‍ അറിയുന്നത്..
അവളുടെ അസുഖത്തിന്റെ കാഠിന്യത്തിലും എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നു നല്‍കിയ, ഈ കുഞ്ഞ് പ്രായത്തിലും മനോധൈര്യം കൈവിടാതെ തന്റെ അസുഖത്തെ നേരിട്ട പൊന്നു.. അവളുടെ അസുഖത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് അവള്‍ കടന്നു പോയ്‌കൊണ്ടിരുന്നത്.. അവളുടെ ഏറ്റവും വലിയ ഒരാഗ്രഹത്തെ കുറിച്ചായിരുന്നു ആ മെസ്സേജ്.. ചാക്കോച്ചനെ ഒന്ന് കാണണം..
നവംബര്‍ 29 നു പൊന്നുവിന്റെ പിറന്നാളും ആണ്.. സത്യത്തില്‍ ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു പോയി.. ഗുരുതരമായ രോഗം ബാധിച്ച 600 ല്‍ അധികം കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാന്‍ സാധിച്ചു കൊടുത്തിട്ടുണ്ട്..
ചാക്കോച്ചന് നല്ല തിരക്കുള്ള സമയവും.. ടൈം കിട്ടാതെ വരുമോ.. ദൂരെയാണ് ഷൂട്ടാണെങ്കില്‍ അതും പ്രശ്‌നമാവും.. ഞാന്‍ അദ്ദേഹത്തിന് ഡോക്ടറിന്റെ മെസ്സേജ് അയച്ചു കൊടുത്തു.. ആശങ്കകള്‍ അസ്ഥാനത്താക്കി മറുപടി വന്നു, തീര്‍ച്ചയായും കാണാം ഡേറ്റ് നോക്കട്ടെയെന്നു..
ഇത്രയും തിരക്കിനിടയിലും കുഞ്ഞിനെ കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി.. എത്ര നന്ദി പറഞ്ഞാലും അത് പകരമാവില്ല ?????? ദൈവനിശ്ചയം പോലെ മോളുടെ പിറന്നാളിന്റെയന്നു അവളെയും കുടുംബത്തിനെയും ഡോക്ടറിനെയും ചാക്കോച്ചന്‍ എറണാകുളത്തേക്ക് ക്ഷണിച്ചു..
പിറന്നാള്‍ സദ്യയും കഴിച്ച് കേക്കും കട്ട് ചെയ്ത് ഫോട്ടോയും എടുത്തു കഴിഞ്ഞപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവള്‍ക്ക്.. ആ സന്തോഷം നേരിട്ടു കാണാന്‍ എനിക്ക് ഭാഗ്യം കിട്ടിയില്ല.. ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നു.. അതിനു ശേഷം ഒരു വീഡിയോ എടുത്ത് അവള്‍ അയച്ചു തന്നു..
ചാക്കോച്ചന്റെ കൂടെയുള്ള ഫോട്ടോയും.. ആ വീഡിയോയും കണ്ടപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു.. ഈ കുഞ്ഞിനാണോ ഇത്രയും ഗുരുതരമായ അസുഖമെന്ന്.. അവളെ കാണാന്‍ ചെല്ലാമെന്നു ഡോക്ടറോട് ഞാന്‍ പറഞ്ഞിരുന്നു.. പക്ഷെ ഞാന്‍ എത്താന്‍ അവള്‍ കാത്തു നിന്നില്ല..
അവളുടെ ആഗ്രഹം സാധിച്ചു 3 മാസത്തിനുള്ളില്‍ ഈശ്വരസന്നിധിയിലേക്ക് പൊന്നു യാത്രയായി.. ആ വാര്‍ത്ത എനിക്ക് ഷോക്കായിരുന്നു.. ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.. ഞാന്‍ കാണാതെ കണ്ട പൊന്നുവായിരുന്നു മനസ്സില്‍ നിറയെ..
കുഞ്ഞ് മാലാഖമാരോടൊപ്പം അവള്‍ സ്വര്‍ഗത്തില്‍ ഓടി കളിക്കുന്നുണ്ടായിരിക്കും.. അവളുടെ ആത്മാവിനു നിത്യശാന്തി നല്‍കണമേയെന്നു പ്രാര്‍ത്ഥിക്കുന്നു… അവളുടെ അച്ഛനും അമ്മയ്ക്കും കുടുംബത്തിലുള്ള എല്ലാവര്‍ക്കും ഇത് താങ്ങാനുള്ള കരുത്ത് നല്‍കട്ടെ ?? അവള്‍ എനിക്കയച്ച Thanking വിഡിയോ കൂടി പോസ്റ്റ് ചെയ്യുന്നു..
Post Your Comments