ഓസ്‌കാർ വിജയത്തിൽ അഭിനന്ദനം, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാംചരണും ചിരഞ്ജീവിയും

95-ാമത് ഒസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ആര്‍ ആര്‍ ആര്‍ ലെ നാട്ടുനാട്ടുവിന് സ്വന്തമായതോടെ ഇന്ത്യയ്‌ക്ക് അത് ചരിത്ര നിമിഷമായിരുന്നു. ലോകം മുഴുവന്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ഓസ്‌കാറില്‍ ഏറെ ആഘോഷിക്കപ്പെട്ട വിജയത്തിന് ശേഷം ആര്‍ആര്‍ആര്‍ താരം രാം ചരണും പിതാവ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗത്തിന്റെ ചിത്രങ്ങള്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. ചിരഞ്ജീവി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഷാള്‍ അണിയിച്ച്‌ അഭിവാദ്യം ചെയ്യുകയും, അമിത് ഷായ്‌ക്ക് ചരണ്‍ പൂച്ചെണ്ട് നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ നാട്ടു നാട്ടു നേടിയതിന് രണ്ട് തെലുങ്ക് താരങ്ങളെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കര്‍ വേദിയില്‍ തിളങ്ങി നിന്നത്. എസ് എസ് രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികള്‍ക്കൊപ്പം മത്സരിച്ച്‌ ‘ഒറിജിനല്‍ സോങ്’ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. ഹൃദയത്തില്‍ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീത സംവിധായകനായ എംഎം കീരവാണിയുടെ സംവിധാനത്തില്‍ മകന്‍ കാല ഭൈരവനും രാഹുല്‍ സപ്ലിഗഞ്ചും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

 

 

Share
Leave a Comment