InterviewsLatest NewsNEWSNostalgia

രജനികാന്ത് കടപ്പുറത്ത് എത്തിയപ്പോൾ നല്ല കള്ള് കുറച്ച് വേണമെന്ന് പറഞ്ഞു, യാതൊരു താരപരിവേഷവും അദ്ദേഹത്തിനില്ല: കബീര്‍

രജനീകാന്തിന് കള്ള് വാങ്ങിക്കൊടുത്ത കഥ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ എ കബീര്‍. കുസേലന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോഴുണ്ടായ സംഭവമാണ് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ കബീര്‍ പങ്കുവെക്കുന്നത്.

വാക്കുകൾ വിശദമായി:

രജനി സാര്‍ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം അവിടെ നിന്നും വരുമ്പോള്‍ തന്നെ ആരോ പറഞ്ഞു കൊടുത്തിരുന്നു എന്റെ വീട്ടില്‍ നല്ല ഫുഡ് ഉണ്ടാകുമെന്ന്. എന്റെ അമ്മ നന്നായി പാചകം ചെയ്തു. നേരത്തെ കമല്‍ സാര്‍ വന്നപ്പോള്‍ ഞാന്‍ ഫുഡ് കൊടുത്തിരുന്നു. രജനി സാര്‍ വരുമ്പോള്‍ കൂടെ സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ സാറും കൂടെയുണ്ട്. എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കായലിന്റെ നടുക്കുള്ള ഹോട്ടലിലാണ് താമസം.

ആദ്യ ദിവസം തന്നെ നാളെ വീട്ടിലെ ഭക്ഷണം എനിക്ക് കൊണ്ട് തരണമെന്ന് പറഞ്ഞു. അന്ന് ഉമ്മ കായലിലെ മീനുകള്‍ പാചകം ചെയ്തു തന്നു. അദ്ദേഹത്തിന് അത് ഭയങ്കര ഇഷ്ടമായി. നാല് ദിവസം ഇവിടെയുണ്ടായിരുന്നു. നാല് ദിവസവും എന്റെ വീട്ടിലെ ഭക്ഷണമായിരുന്നു. അഞ്ചാം ദിവസം പോകാന്‍ ഇറങ്ങുമ്പോള്‍ സമയം താമസിച്ചു. വൈകിട്ട് പോയാല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ചു. മതിയെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് ചാറ്റല്‍ മഴയുണ്ട്. അന്ന് ചെത്തി കടപ്പുറത്ത് നായികയുടെ പാട്ട് സീന്‍ എടുക്കുന്നുണ്ട്. പോകുന്ന വഴി കറുത്ത ബോര്‍ഡില്‍ വെളുത്ത അക്ഷരം കണ്ടിട്ട് അദ്ദേഹം ഇതെന്താണ് കബീര്‍ സാര്‍ എന്ന് ചോദിച്ചു. അദ്ദേഹത്തിന് അറിയാം, പക്ഷെ ചുമ്മാ ചോദിക്കുകയാണ്. ഞാന്‍ കള്ള് കടയാണെന്ന് പറഞ്ഞു. ഒന്നും അറിയാത്തത് പോലെ അതെന്താണെന്നൊക്കെ ചോദിച്ചു. പുള്ളിയ്ക്ക് എല്ലാം അറിയാം. കടപ്പുറത്ത് എത്തി വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ നേരം കള്ള് കിട്ടുമോ എന്ന് ചോദിച്ചു. നല്ല കള്ള് കുറച്ച് വേണമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഒരു ലിറ്റര്‍ കള്ള് വാങ്ങിപ്പിച്ചു. സാര്‍ അത് കുടിച്ചു. ഒരു ക്ലാസ് കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണനും കൊടുത്തു.

ഷൂട്ടിന്റെ ബ്രേക്കിനിടെ പി വാസു സാര്‍ വന്നപ്പോള്‍ രജനി സാര്‍, ഷൂട്ടിനിടെ സരക്ക് സാപ്പിട്രത് തപ്പ് താനേ എന്ന് ചോദിച്ചു. അതേ ആരാണ് ചെയ്തതെന്ന് വാസു സാര്‍ ചോദിച്ചു. കൃഷ്ണനാണെന്ന് അദ്ദേഹം പറഞ്ഞു. ഡേയ് കൃഷ്ണാ നീ സരക്ക് സാപ്പിട്ടാ? എന്ന് ചോദിച്ച് വാസു സാര്‍ കൃഷ്ണന് നേരെ ചാടി ചെന്നു. അയ്യോ സാര്‍ ഞാന്‍ കഴിച്ചില്ല, തലെവര്‍ ചുമ്മാ പറയുകയാണെന്നൊക്കെ കൃഷ്ണന്‍ പറഞ്ഞു. അത് കഴിഞ്ഞ് പി വാസു സാര്‍ എന്റെയടുത്ത് വന്ന് ഒരു കുപ്പി കള്ള് വാങ്ങിവച്ചോ ഷൂട്ട് കഴിഞ്ഞിട്ട് എനിക്ക് കുടിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ രസകരമായൊരു കള്ള് കച്ചവടം തന്നെ നടന്നിട്ടുണ്ട്. യാതൊരു താരപരിവേഷവും അദ്ദേഹത്തിനില്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വരുന്നവര്‍ക്ക് യാതൊരു താരപരിവേഷവുമില്ല.

രജനി സാര്‍ ഭയങ്കര ഫ്രീയാണ്. തോളില്‍ കൈയ്യിട്ട് നില്‍ക്കും. പോകാന്‍ നേരം എന്നെ കെട്ടിപ്പിടിച്ച ശേഷം ചെവിയില്‍ പറഞ്ഞു, കബീര്‍ സാര്‍ അമ്മയോട് പറയണം ഞാന്‍ അന്വേഷിച്ചെന്ന്. ചെന്നൈയില്‍ വരുമ്പോള്‍ എന്റെ വീട്ടില്‍ വരണമെന്നും പറഞ്ഞു. ഞാന്‍ ഇന്നുവരേയും പോയിട്ടില്ല. നേരില്‍ ഒരു സാധാരണ മനുഷ്യനാണ്. പക്ഷെ മേക്കപ്പ് ചെയ്ത് വരുമ്പോള്‍ ആളാകെ മാറും. പൂച്ച പുലിയായത് പോലെയാകും.’

shortlink

Related Articles

Post Your Comments


Back to top button