തന്റെ ആരോഗ്യനിലയെ കുറിച്ച് ഏറെ ആശ്വാസകരമായ വാര്‍ത്തയുമായി നടനും അവതാരകനുമായ മിഥുന്‍ രമേശ്. ബെല്‍സ് പാള്‍സി എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കുറച്ച് ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും താരം അറിയിച്ചിരുന്നു. ഇപ്പോൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിഥുന്‍ തന്റെ രോഗം 98 ശതമാനത്തോളം ഭേദമായെന്ന സന്തോഷം പങ്കുവച്ചത്.
‘രോഗം 98 ശതമാനത്തോളം റിക്കവറായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടു പോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി. സൈഡ് ഒക്കെ ശരിയായി’- മിഥുന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് മിഥുന്‍ രമേശ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്ന മുഖത്തെ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെല്‍സ് പാഴ്സി എന്ന രോഗാവസ്ഥ. ചിലരില്‍ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.
ഈ രോഗത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഇപ്പോവും വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധര്‍ കരുതുന്നു. ചില വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സാധാരണ ഗതിയില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളില്‍ രോഗമുക്തി ലഭിക്കും. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
Post Your Comments