താന്‍ പുതിയ കാര്‍ വാങ്ങിയതിന്റെ പേരില്‍ വിവാദമുണ്ടാകുമ്പോള്‍ അതില്‍ വിഷമം ഇല്ലെന്നും, ഈ എറണാകുളം സിറ്റി മുഴുവന്‍ താന്‍ നടന്ന് പോയിട്ടുണ്ട്, അതൊന്നും ആര്‍ക്കും അറിയില്ലെന്നും നടന് ഉണ്ണി മുകുന്ദന്. സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള തന്റെ കഷ്ടപ്പാടുകള്‍ വിശദീകരിച്ചാണ് കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.
വാക്കുകൾ വിശദമായി :
‘ലോഹിതദാസിന് കത്ത് അയച്ചപ്പോള്‍ അദ്ദേഹം അത് വായിക്കുമെന്ന് പോലും ചിന്തിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞ് സാറിന്റെ കോള്‍ വന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വിളിച്ചത്. അതിന് ശേഷമുള്ള എന്റെ ജീവിതം സിനിമാറ്റിക് ആയിട്ടാണ് തോന്നുന്നത്.
മൂന്ന് മാസം ലീവ് എടുക്കാതെ ജോലി ചെയ്താല്‍ കിട്ടുന്ന എട്ട് ലീവ് എടുത്താണ് കേരളത്തിലേക്ക് ട്രെയ്ന്‍ കയറുക. ലീവ് എടുത്ത് നാട്ടില്‍ വന്ന് സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി അലയും. എന്നാല്‍ യാത്രയ്ക്ക് തന്നെ മൂന്ന് നാല് ദിവസം പോകും. കാണാമെന്ന് പറയുന്നവരെ ആ സ്ഥലത്ത് വച്ച് കാണാന്‍ കഴിയില്ല. അപ്പോഴേക്കും ലീവ് കഴിയും. തിരിച്ചു പോരേണ്ടി വരും. അങ്ങനെ തേടിയും അലഞ്ഞുമാണ് ഓരോ അവസരങ്ങളും നേടിയെടുത്തത്.
ഇന്ന് താന്‍ ഒരു വലിയ വണ്ടി വാങ്ങി എന്ന് പറഞ്ഞ് അത് വിവാദമായി. എന്നാല്‍ ഈ എറണാകുളം സിറ്റി മുഴുവന്‍ താന്‍ നടന്ന് പോയിട്ടുണ്ട്. അതൊന്നും ആര്‍ക്കും അറിയില്ല. ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് തേവര വരെയൊക്കെ നടന്ന് പോയിട്ടുണ്ട്. വണ്ടി ഇല്ലാത്ത കാലത്ത് കുടയും ചൂടിയാണ് ഓരോ ലൊക്കേഷനിലും അവസരം ചോദിച്ച് പോവുക. അങ്ങനെ തന്റെ പതിമൂന്ന് കുടകള്‍ പല ലൊക്കേഷനുകളില്‍ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ട്.ആ കഥയൊക്കെ മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ ഈ ആളുകള്‍ പറയുന്നതില്‍ ഒന്നുമല്ല എന്റെ വിഷമം അന്നത്തെ കുടകള്‍ പോയതാണ്. അത്രയും കഷ്ടപ്പെട്ടതിന് ശേഷമാണ് ഇന്ന് എനിക്ക് സ്വന്തമായി വാഹനങ്ങളൊക്കെ വന്നത്’.
Post Your Comments