CinemaComing SoonLatest NewsNEWSSocial Media

118 ദിവസങ്ങൾ നീണ്ട ഷൂട്ടിങ് !! മലയാളത്തിന്റെ ബ്രഹ്മാണ്ഡ 3 ഡി സിനിമയ്ക്ക് പാക്ക്അപ്

പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് ടോവിനോ തോമസ് നായകനാകുന്ന എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം

പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ മലയാള സിനിമയാണ് എ ആർ എം അഥവാ അജയന്റെ രണ്ടാം മോഷണം. ടോവിനോ തോമസ് നായകനാകുന്ന ചിത്രം 3 കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫാന്റസി സിനിമയാണ്. ട്രിപ്പിൾ റോളിലാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്. കൃതി ഷെട്ടി, സുരഭി, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ അവസാനിച്ചിരുന്നു. നൂറ്റി പതിനെട്ടു ദിവസം നീണ്ട ഷൂട്ടാണ് പാക്ക് അപ് ആയത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘പാക്കപ്പ് !!! 118 ദിവസങ്ങൾ… അജയന്റെ രണ്ടാം മോഷണം (ARM) പൂർത്തിയായിരിക്കുന്നു. അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നൽകിയത് കരുത്തു തന്നെയാണ്. ഒക്ടോബർ 11 ന് തുടങ്ങി 125 ദിവസം പ്ലാൻ ചെയ്ത ഷൂട്ടിംഗ് ഇന്ന് മാർച്ച് 11ന് 118 ദിവസം കൊണ്ട് പൂർത്തിയാക്കുമ്പോൾ കടപ്പാട് ഒരുപാട് പേരോടുണ്ട്. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന കുടുംബത്തിന് നന്ദി, എന്നെ വിശ്വസിച്ച ടൊവിക്ക് നന്ദി, പ്രിയപ്പെട്ട സുജിത്തേട്ടന് നന്ദി, ഹൃദയം നൽകി എന്റെ സിനിമയെ ക്യാമറയിൽ പകർത്തിയ ജോമോൻ ചേട്ടൻ, നായികമാരായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് , സുരഭി നന്ദി. എഡിറ്റ് ചെയ്യാത്ത സ്നേഹത്തിന് ഷമീർക്ക, കൂടെ നിന്നതിന് ദീപു, പുതിയ സംഗീത പരീക്ഷണങ്ങൾ തയ്യാറായി കൂടെ നിൽക്കുന്ന ദിബു , സിനിമയ്ക്ക് ജീവനേകിയ സെറ്റുകൾ നൽകിയതിന് ഗോകുലേട്ടൻ, കോസ്റ്യൂം ഡിസൈൻ ചെയ്ത പ്രവീണേട്ടാ, മേക്കപ്പ് റൊണെക്‌സ് എട്ടാ നന്ദി. വലിയ മുതൽ മുടക്ക് ആവശ്യമായ എന്റെ സിനിമയെ വിശ്വസിച്ച് നിർമ്മിക്കാൻ തയ്യാറായ സഖറിയ തോമസ് സാർ, ലിസ്റ്റിൽ സ്റ്റീഫൻ നന്ദി.

ഡോ. വിനീത്, പ്രിൻസ് പോൾ, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ നന്ദി. ഞാൻ ഗുരുസ്ഥാനങ്ങളിൽ കാണുന്ന വിമലേട്ടൻ, ബേസിൽ ബ്രോ, പ്രവീൺ ഏട്ടാ നന്ദി. എന്റെ സിനിമയുമായി സഹകരിച്ച എല്ലാ നടീ നടൻമാർക്കും നന്ദി. മഴയും വെയിലും തണുപ്പും നിറഞ്ഞ പ്രതികൂല കാലവസ്ഥയിൽ സിനിമ പൂർത്തിയാക്കാൻ രാപ്പകലില്ലാതെ പ്രയത്നിച്ച എന്റെ ഡയറക്ഷൻ ടീമംഗങ്ങൾ ശ്രീലാലേട്ടൻ, ദിപിലേട്ടൻ, ശരത്, ശ്രീജിത്ത്, ഷിനോജ്, ഭരത്, അരവിന്ദ്, ഫയാസ്, ആസിഫ്, ആദർശ് നന്ദി. വിലയേറിയ അഭിപ്രായങ്ങൾ തന്ന് എന്നും കൂടെ നിന്ന അപ്പു ഭട്ടതിരി, ക്രിസ്റ്റി .. നന്ദി. പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ ടീമംഗങ്ങളായ റഫീഖ്, അപ്പു, ജസ്റ്റിൻ മറ്റ് പ്രൊഡക്ഷൻ ടീമംഗങ്ങൾ, ഭക്ഷണവും വെള്ളവും മുറതെറ്റാതെ തന്ന ചേട്ടന്മാർ നന്ദി, ആക്ഷൻ കൊറിയോഗ്രാഫി മാസ്റ്റേഴ്സ് & ടീമംഗങ്ങൾ, ക്യാമറ യൂണിറ്റ് സുദേവ്, അനീഷേട്ടൻ & മറ്റ് ടീം അംഗങ്ങൾ, ആർട് ടീം അംഗങ്ങൾ, സ്പോട്ട് എഡിറ്റർ അലൻ, കോസ്റ്റ്യൂം, മെയ്ക്കപ്പ് ടീമംഗങ്ങൾ, സമയാസമയം യാത്രാ സൗകര്യം ഒരുക്കിത്തന്ന ഡ്രൈവമാർ, ശ്രീ ശിവൻ ഗുരുക്കൾ & ടീം സി വി എൻ കളരി സംഘം കൊല്ലം, ജൂനിയർ ആർടിസ്റ്റുകൾ, കോ ഓർഡിനേറ്റർമാർ എല്ലാവരോടും നന്ദി. സിനിമയുടെ പ്രീ വിഷ്വലൈസേഷൻ നിർവ്വഹിച്ച ടീം, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത് അനീഷേട്ടൻ നന്ദി, സ്റ്റോറി ബോർഡ് ചെയ്ത മനോഹരൻ ചിന്നസ്വാമി, കാരക്ടർ സ്കെച്ച് ചെയ്ത ആനന്ദ് പദ്മൻ, പിന്നെ പറയാൻ വിട്ടുപോയ എല്ലാ നല്ല ഹൃദയങ്ങൾക്കും പ്രിയ സുഹൃത്തുക്കൾക്കും നന്ദി. സിനിമയ്ക്ക് ജീവൻ നൽകിയ അരിയിട്ട പാറയെന്ന ദൈവഭൂമിയിലെ ഓരോ പ്രദേശ നിവാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.

കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന എൻറർടെയിനർ എന്ന നിലയിൽ സിനിമ ഒരുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വി എഫ് എക്സ്, ത്രീഡി, സൗണ്ട് തുടങ്ങിയ മേഖലകളിൽ ഏറ്റവും നൂതനമായ പരീക്ഷണങ്ങൾ ആവശ്യപ്പെടുന്ന സിനിമയായതിനാൽ ഇനിയും സിനിമയുടെ പൂർണ്ണതയ്ക്കായി ഏറെ പ്രയത്നിക്കേണ്ടതുണ്ട് എന്നറിയാം. കാലം കരുതി വെച്ച നിഗൂഡതകൾ അകമ്പടിയേറ്റുന്ന ചീയോതിക്കാവിലെ മായ കാഴ്ച്ചകളുടെ ടീസർ ഉടൻ നിങ്ങളിലേക്കെത്തും. തുടർന്നും എല്ലാവരുടേയും സഹകരണവും സ്നേഹവും പ്രാർത്ഥനകളും പ്രതീക്ഷിച്ച് കൊണ്ട്, എന്ന് ജിതിൻ ലാൽ.’

അറുപതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ പൂർണമായും 3 ഡി യിലാണ് ഒരുങ്ങുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ അപ്ഡേറ്റുകൾ മുതൽ പാൻ ഇന്ത്യാ ലെവലിൽ വൻ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്.

കോ പ്രൊഡ്യൂസർ – ജിജോ കവനാൽ, ശ്രീജിത്ത്‌ രാമചന്ദ്രൻ, പ്രിൻസ് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഡോക്ടർ വിനീത് എം ബി, ഛായാഗ്രഹണം – ജോമോൻ ടി ജോൺ, പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ ഐൻ എം, പ്രൊഡക്ഷൻ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രിൻസ് റാഫെൽ, കോസ്റ്റ്യൂം ഡിസൈനർ – പ്രവീൺ വർമ്മ, മേക്കപ്പ് – റോണെക്സ് സേവിയർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, സ്‌റ്റീരിയോസ്കോപിക് 3D കൺവർഷൻ – റെയ്സ് 3D, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിൻഹോ, സ്റ്റണ്ട്സ് – വിക്രം മോർ, ഫിനിക്സ് പ്രഭു, പി ആർ ആൻഡ് മാർക്കറ്റിങ് ഹെഡ് – വൈശാഖ് സി വടക്കേവീട്, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, പി ശിവപ്രസാദ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഡിസൈൻ- യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button