ബ്രഹ്‌മപുരത്തെ തീപിടിത്തത്തില്‍ താൻ മുന്നോട്ടു വെച്ച നൂതന മാലിന്യ സംസ്‌കരണ പദ്ധതിയെ കുറിച്ചും പിന്നാലെയുണ്ടായ ദുരനുഭവത്തെക്കുറിച്ചും നടന്‍ ശ്രീനിവാസൻ പറഞ്ഞതിൽ പ്രതികരിച്ച് ഗുഡ്‌നൈറ്റ് മോഹന്‍. വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് അത് സ്വന്തം ചെലവില്‍ സ്ഥാപിച്ച് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ഉപോല്‍പ്പന്നം മാത്രം തന്നാല്‍ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍ദേശിച്ചതെന്നാണ് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മാലിന്യ സംസ്‌കരണത്തിന് അതിനൂതനമായ സാങ്കേതികവിദ്യ അധികൃതര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ആരും മനസിലാക്കാതെ പോയി എന്നതാണ് സത്യമെന്ന് ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു.
വാക്കുകൾ വിശദമായി:
അതിനൂതനമായ പ്ലാസ്മ സാങ്കേതിക വിദ്യയാണ് 20 വര്‍ഷം മുന്‍പ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭാ അധികൃതര്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്. എന്നാല്‍ അന്ന് അതില്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു. അത് മനസിലാക്കാന്‍ പോലും ശ്രമിച്ചില്ല.
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്ലാസ്മ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അന്ന് അമേരിക്കയില്‍ പുതിയ സാങ്കേതിക വിദ്യയായിരുന്നു. പ്ലാസ്റ്റിക്, ഇരുമ്പ് ഉള്‍പ്പെടെ എന്ത് മാലിന്യവും വേര്‍തിരിക്കാതെ തന്നെ ഇതിലൂടെ സംസ്‌കരിക്കാന്‍ സാധിക്കുമായിരുന്നു. സാധാരണ ഗതിയില്‍ ഖരവസ്തുവിനെ ചൂടാക്കിയാല്‍ അത് ദ്രാവക രൂപത്തിലാകും വീണ്ടും ചൂടാക്കിയാല്‍ അത് വാതകമാകും. അന്ന് അവതരിപ്പിച്ച സാങ്കേതിക വിദ്യയില്‍ ഖര വസ്തു നേരിട്ട് വാതകമായി മാറുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആ വാതകം ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കും. രണ്ട് ഉത്പന്നമാണ് ഇതില്‍ നിന്ന് ഉണ്ടാകുന്നത്, ഊര്‍ജ്ജവും സ്ലാബും. ഖരമാലിന്യം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകമാകാത്ത ഭാഗം ഇരുമ്പ്, കല്ല് മുതലായവ കൂട്ടിച്ചേര്‍ത്ത് സ്ലാബ് ഉണ്ടാക്കാന്‍ വേണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഊര്‍ജ്ജം അവര്‍ക്ക് നല്‍കാമെന്നും പറഞ്ഞിരുന്നു. കെട്ടിടത്തിലും റോഡിലും മറ്റും ഉപയോഗിക്കുന്ന ഇന്റര്‍ലോക്ക് സ്ലാബ് ഉണ്ടാക്കാനായിരുന്നു പദ്ധതി.
ജപ്പാനില്‍ അന്ന് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അവിടെ പോയി അത് കണ്ടു പഠിച്ച ശേഷമാണ് ഇവിടെ അവതരിപ്പിച്ചത്. പത്ത് ഏക്കര്‍ ഭൂമി കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് നല്‍കിയാല്‍ അതിന് പണം നല്‍കി ആധുനിക സാങ്കേതിക വിദ്യയുള്ള സംസ്‌കരണ പ്ലാന്റ് കൂടി സ്ഥാപിക്കണമെന്നും ദിവസം 250 ടണ്‍ മാലിന്യം എത്തിച്ചാല്‍ ഭാവിയില്‍ അതിനും പണം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ അന്ന് പദ്ധതി അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കും അത് മനസിലായില്ല. സര്‍ക്കാരിനോട് മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും അധികൃതര്‍ തള്ളി.
Post Your Comments