
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുകയിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാർക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകനും നടനുമായ മേജർ രവി. കൊച്ചിയിലെ പുകയുടെ വ്യാപ്തി മനസിലാക്കാതെ മന്ത്രിമാർ സുഖജീവിതത്തിലായിരുന്നു. ജനങ്ങൾക്ക് എന്തൊക്കെ സംഭവിച്ചാലും അതിൽ ഞങ്ങൾക്കൊന്നുമില്ലെന്ന മനോഭാവവുമായിട്ടാണ് ഇവിടെയുള്ള ഭരണാധികാരികൾ കഴിയുന്നതെന്ന് മേജർ രവി പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു മേജർ രവിയുടെ പ്രതികരണം. നോർത്തിൽ കാര്യങ്ങൾ വരുമ്പോൾ മാത്രം കുറയ്ക്കുന്ന സാംസ്കാരിക നായകന്മാർ ആണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറയുന്നു.
‘എന്താണ് ഈ കാട്ടിക്കൂട്ടുന്നത്. ജനങ്ങൾ അനുഭവിക്കുന്നതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നാണ് അധികാരികൾ ചിന്തിക്കുന്നത്. എന്റെ വീട് ഇവിടുന്ന് തൊട്ടടുത്താണ്. എട്ട് കിലോമീറ്റർ മാത്രമേ ഉള്ളൂ. ഞാൻ എന്നും കാണുന്ന കാഴ്ചയാണ്. അവിടെ കത്തിക്കുന്ന പ്ലാസ്റ്റിക്കിന്റെ പുക പോലും നമുക്ക് ശ്വസിക്കാൻ കഴിയില്ല. ഇവിടെയുള്ളത് നോർത്തിലേക്കു നോക്കി കുരയ്ക്കുന്ന കുറെ സാംസ്കാരിക നായകന്മാർ. മാസ്ക് പോലും ധരിക്കാതെയാണ് അവിടെയുള്ള ആ കുട്ടികൾ നടക്കുന്നത്. വരും തലമുറയാണ് നശിച്ച് കൊണ്ടിരിക്കുന്നത്’, മേജർ രവി പറയുന്നു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന വിഷപ്പുകയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളും മാഫിയ സംഘങ്ങളുമാണെന്ന് ജോയ് മാത്യു ആരോപിച്ചു. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്ങനെ പണമുണ്ടാക്കാമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നതെന്നും, ക്വട്ടേഷൻ സംഘങ്ങളെ ഭയന്നാണ് ജനങ്ങൾ പോലും പ്രതികരിക്കാൻ ഭയക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കൊച്ചിയിൽ മൂടുന്ന ബ്രഹ്മപുരം വിഷപ്പുക വിഷയം പാർലമെന്‍റിലും ചർച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാക്കൾ നോട്ടീസ് നൽകി. ലോക്സഭയിൽ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിലാകട്ടെ കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും കേരള എം പി മാർ തേടിയിട്ടുണ്ട്.
Post Your Comments