
കൊച്ചി: തന്റെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങളും മെസേജുകളുമയച്ച യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച ഹനാന് സോഷ്യൽ മീഡിയയുടെ കൈയ്യടി. കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്. തന്റെ ഫോണിലേക്ക് അശ്ളീല സന്ദേശമയച്ച ഇയാളെ ഹനാൻ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ശേഷം, പൊലീസിന് കൈമാറി. ഹനാന്റെ ധൈര്യത്തിനും ധ്രുതഗതിയിലുള്ള ഇടപെടലിനും കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഹനാൻ തന്നെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
‘എങ്ങനെയാണ് സമാധാനത്തോടെ ഈ കേരളത്തിൽ ജീവിക്കുക? പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ച് വരികയാണ്. പാവാട പോലുള്ള വസ്‌ത്രങ്ങൾ ധരിച്ച് കൊണ്ട് ആൾത്തിരക്ക് കുറഞ്ഞ, വിജനമായ സ്ഥലങ്ങളിൽ പെണ്ണുങ്ങൾ ഒറ്റയ്ക്ക് പോകാതിരിക്കുക. എന്നൊക്കെയാണ് അയാൾ എനിക്ക് മെസ്സേജ് അയക്കുന്നത്. ഒപ്പം നഗ്ന ദൃശ്യങ്ങളും അയച്ചിട്ടുണ്ട്’, ഹനാൻ പറയുന്നു.
നേരത്തെ, ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തന്നെ കടന്നുപിടിച്ചയാൾക്ക് നേരെ ഹനാൻ ശബ്ദമുയർത്തിയിരുന്നു. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. ഒരാൾ യാത്രയ്ക്കിടെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസും മോശമായാണ് പെരുമാറിയതെന്ന് ഹനാൻ ആരോപിച്ചു.
ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് സ്ഥലത്ത് എത്തി. എന്നാൽ, അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച് വിഡിയോയിൽ ഹനാൻ ആരോപിച്ചിരുന്നു.
Post Your Comments