![](/movie/wp-content/uploads/2023/03/untitled-21-2.jpg)
കൊച്ചി: അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ അവസാനത്തെ ആഗ്രഹം വെളിപ്പെടുത്തി സഹോദരൻ പി സുരേഷ്. സുബി അവസാനമായി ചിത്രീകരിച്ച പല വ്‌ളോഗുകളും അപ്ലോഡ് ചെയ്തിട്ടില്ലെന്നും, അവ അപ്ലോഡ് ചെയ്യണമെന്ന് സുബി പറഞ്ഞേൽപ്പിച്ചിരുന്നതായും സഹോദരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു സുരേഷിന്റെ വെളിപ്പെടുത്തൽ.
സുരേഷ് പറയുന്നതിങ്ങനെ:
‘നമസ്‌കാരം, ഞാൻ പി സുരേഷ്. സുബി സുരേഷിന്റെ സഹോദരനാണ്. ഞാനിപ്പോൾ ഈ വീഡിയോയുമായി വരാൻ കാരണം, എല്ലാവരോടും നന്ദി പറയാനാണ്. എന്റെ ചേച്ചിയെ നിങ്ങൾ കുടുംബത്തിലെ ഒരംഗമായി കണ്ടതിന്, ചേച്ചിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും, ഭൂമിയിലെ മാലഖമാർ എന്ന് പറയുന്ന നഴ്‌സുമാരോടും നന്ദി. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയയുടെ പേപ്പർ വർക്കിന് വേണ്ടി കഷ്ടപ്പെട്ടപ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് സഹായിച്ച സുരേഷ് ഗോപി സാറിനും, ഹൈബി ഈടൻ സാറിനും, എൽദോസ് കുന്നപ്പിള്ളി സാറിനും, ടിനി ടോം ചേട്ടനും, ധർമജൻ ചേട്ടനും, പിഷാരടി ചേട്ടനും, രാഹുൽ ചേട്ടനും ഈ വിഡിയോയിലൂടെ നന്ദി പറയുകയാണ്. വളരെ അധികം എല്ലാവരും കഷ്ടപ്പെട്ടു.
ചേച്ചി വളരെ അധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഈ ഫേസ്ബുക്ക് പേജും യൂട്യൂബ് പേജും. ഹോസ്പിറ്റലിൽ കിടന്നപ്പോഴും എന്നോട് പറയുമായിരുന്നു, ഞാൻ കുറച്ച് വീഡിയോ എടുത്ത് വച്ചിട്ടുണ്ടെന്നും അത് അപ്ലോഡ് ചെയ്യണമെന്നും. ഹോസ്പിറ്റലിലാണെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ചേച്ചിയുടെ യൂട്യൂബും ഫേസ്ബുക്കുമൊന്നും കളയുന്നില്ല. ചേച്ചി എടുത്ത വച്ച വീഡിയോസ് ഈ ചാനലിലൂടെ ഇടുകയാണ്. ചേച്ചിയുടെ അവസാനത്തെ വീഡിയോസാണ് എല്ലാം. നല്ല നല്ല കാര്യങ്ങൾക്ക് വേണ്ടി ഈ ചാനൽ ഉപയോഗിക്കും. കൂടെ നിന്നതിനും എല്ലാത്തിനും നന്ദി’, സുരേഷ് പറഞ്ഞു.
Post Your Comments