ഇത്തവണത്തെ പൊങ്കാലയ്ക്ക് നിരവധി നടിമാരാണ് പങ്കാളികളായത്. ആറ്റുകാൽ അമ്മയുടെ ക്ഷേത്ര നടയിലും സ്വന്തം വീട്ടിലുമായി നടിമാർ പൊങ്കാല അർപ്പിച്ചു. ചിപ്പി മുതൽ ആനി വരെ നീളുന്നു ഈ നിര. വിവാഹം കഴിഞ്ഞു വന്നപ്പോൾ മുതൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടാറുണ്ടെന്ന് ആനി പറയുന്നു. കുടുംബത്തിന് വേണ്ടി മാത്രമല്ല നാടിന് വേണ്ടി കൂടിയാണ് തന്റെ പ്രാർത്ഥനകൾ എന്നും ആനി പറയുന്നു. ഇത്തവണയും വീടിന്റെ മുൻപിലാണ് പൊങ്കാല ഇടുന്നതെന്നും ആനി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ആനിയുടെ പ്രതികരണം.
‘എല്ലാവരെയും പോലെ തീർച്ചയായും പ്രാർത്ഥനയോടെ തന്നെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്. പ്രാർത്ഥന ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളത്തരം ആയിപ്പോകും. പിന്നെ ഞാൻ എല്ലാ കൊല്ലവും പറയുന്ന പോലെ എല്ലാവരും ഒത്തുകൂടുന്നതിന്റെ സന്തോഷം. ഇപ്രാവശ്യം എന്തുകൊണ്ട് അമ്പലത്തിൽ പോയി ഇടുന്നില്ല എന്ന് ചോദിച്ചാൽ ഏട്ടന്റെ അമ്മ മരിച്ചിട്ട് അധികം കാലം ആയിട്ടില്ല. ആറുമാസമേ ആയുള്ളൂ. അമ്മയ്ക്ക് പൊങ്കാലയും, അമ്പലത്തിൽ പോയി ഇടുന്നതും ഒക്കെ വലിയ സന്തോഷം ആയിരുന്നു. അമ്മയ്ക്ക് പ്രായം ആയി നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആയിരുന്നപ്പോൾ ഇവിടെ തന്നെ ആയിരുന്നു പൊങ്കാല ഇട്ടുകൊണ്ടിരുന്നത്. ഇപ്രാവശ്യം ഞാൻ കരുതി അമ്മയുടെ ഒരു സാമിപ്യം ഉണ്ടാകുമല്ലോ, അതുകൊണ്ട് ഇത്തവണയും വീട്ടിൽ ആകാമെന്ന്. ഒരു അമ്മ എന്ന നിലക്കും ഭാര്യ എന്ന നിലക്കും കുടുംബത്തിന് വേണ്ടി ആണല്ലോ നമ്മുടെ പ്രാർത്ഥനകൾ.
അവർക്ക് വേണ്ടി പ്രാർത്ഥിക്കും പോലെ നാടിനും നന്മ വരണേ എന്നും പ്രാർത്ഥിക്കും. കാരണം നാടിന് നന്മ ഉണ്ടായാൽ അതും നമുക്ക് നല്ലതിനാണല്ലോ. ഒരു വലിയ മഹാമാരി വന്നു പോയപ്പോൾ നമ്മൾ ഒന്നടങ്കം അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരിതം ഇനി വരരുത് എന്നാണ് പ്രാത്ഥിക്കാനുള്ളത്. അമ്പലത്തിൽ പൊങ്കാല ഇടുന്ന സമയം ഞാൻ ഇടുന്നതിന്റെ തൊട്ട് അപ്പുറത്താണ് ചിപ്പി ഇരിക്കുന്നത്. ചിപ്പി ഇരുന്ന അതെ സ്ഥാനത്ത് ആയിരുന്നു കൽപ്പന ചേച്ചി ഇരുന്നിരുന്നത്. പൊങ്കാല സമയത്തുള്ള വിളിയും, അതിന് ശേഷം കിട്ടുന്ന സമയത്തുള്ള വർത്തമാനവും, ഇതൊന്നും അല്ലാതെ അവിടെ വച്ച് പുറത്തുനിന്നും കിട്ടുന്ന സൗഹൃദങ്ങളും എല്ലാം വലിയ സന്തോഷമാണ്. ഏട്ടന്റെ അമ്മയുടെ കൂടെയും അനുജത്തിമാരുടെയും കൂടെ ആയിരുന്നു എന്റെ ആദ്യ പൊങ്കാല’, ആനി പറയുന്നു.
Post Your Comments