കലാഭവൻ മണിയെന്ന കലാകാരൻ നിരവധി പേർക്ക് കൈത്താങ്ങായിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായംകൊണ്ട് ജീവിതം കെട്ടിപ്പെടുത്തവരിൽ ഒരാളാണ് ഓട്ടോ ഡ്രൈവറും സന്നദ്ധ പ്രവർത്തകനുമായ രേവത്. അദ്ദേഹത്തിന്റെ മരണം താനിന്നും വിശ്വസിച്ചിട്ടില്ലെന്നും എന്നെങ്കിലും മണിച്ചേട്ടൻ തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് രേവത് പറയുന്നത്. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേവത്. കലാഭവൻ മണിയെപ്പോലെ തന്നോട് സഹായം അഭ്യർഥിക്കുന്നവരേയെല്ലാം കഴിയും വിധം സഹായിക്കുന്നുണ്ട് രേവതും.
‘ചില സമയങ്ങളിൽ ഒരു നേരം വീട്ടിൽ ഭക്ഷണം വെക്കാനുള്ള പൈസ പോലും കൈയ്യിൽ ഉണ്ടാവാറില്ല. ആ സമയത്തും ഞാൻ സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട്. കലാഭവൻ മണിച്ചേട്ടൻ എനിക്ക് ദൈവ തുല്യനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ കാണാൻ ആഗ്രഹിച്ച് മണിച്ചേട്ടൻ വിളിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടൻ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു.
മരിക്കുന്നത് വരെ പറ്റുന്നത് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്. വീട്ടിലേക്ക് കറന്റ് കിട്ടാൻ കാരണവും മണിച്ചേട്ടനാണ്. ഞാൻ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടൻ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായിരുന്നു.
പിന്നീട് ഒരിക്കൽ ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അന്ന് പോലീസുകാർ പറഞ്ഞത് കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരുമെന്നാണ്. തൃശൂർ ടൗൺ പെർമിറ്റാണ് എനിക്കുള്ളത്. മണിച്ചേട്ടൻ ചെയ്യാതെ പോയെ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അതുകൊണ്ടാണ് നിർധനരായിട്ടള്ളവർ അവരുടെ കഥ പറയുമ്പോൾ ഞാൻ അവരെ സഹായിക്കുന്നത്. എനിക്ക് സ്വന്തമായി വീടില്ല. മാമനൊപ്പമാണ് താമസിക്കുന്നത്’, രേവത് പറയുന്നു.
Post Your Comments