GeneralHollywoodLatest NewsNEWS

പ്രശസ്ത അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോര്‍ അന്തരിച്ചു

സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന്‍ ടോം സൈസ്‌മോര്‍ (61) അന്തരിച്ചു. അദ്ദേഹത്തിന്റെ മാനേജരാണ് മരണ വാര്‍ത്ത പുറത്തു വിട്ടത്. ഫെബ്രുവരി 18നാണ് പക്ഷാഘാതത്തേ തുടർന്നുണ്ടായ തലച്ചോറിലെ അസുഖം മൂലം സൈസ്‌മോറിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മുതല്‍ അബോധാവസ്ഥയിലായിരുന്നു നടന്‍.

നാടകത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം 1989ല്‍ ഒലിവര്‍ സ്റ്റോണിന്റെ ബോണ്‍ ഓണ്‍ ദി ഫോര്‍ത്ത് ഓഫ് ജൂലൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റോണിന്റെ തന്നെ 1994-ല്‍ പുറത്തിറങ്ങിയ നാച്ചുറല്‍ ബോണ്‍ കില്ലേഴ്‌സ് എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവിന്റെ വേഷം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഹീറ്റ് എന്ന ചിത്രത്തില്‍ അല്‍ പച്ചിനോയ്ക്കും റോബര്‍ട്ട് ഡി നീറോയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തി. 1998-ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ടോം ഹാങ്ക്‌സ് ചിത്രം സേവിങ് പ്രൈവറ്റ് റയാനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിനേക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് സ്വകാര്യ ജീവിതമായിരുന്നു. മയക്കുമരുന്ന് ആസക്തിയും ഹോളിവുഡ് മാഡം ഹെയ്ദി ഫ്ലെയ്സുമായുള്ള ബന്ധവുമെല്ലാം വലിയ വാര്‍ത്തയായി. ഹെയ്ദിയെ സിഗററ്റുകൊണ്ട് കുത്തുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. മയക്കുമരുന്നു ലഹരിയില്‍ ചെയ്തതാണ് എന്നായിരുന്നു ടോം സൈസ്‌മോര്‍ പറഞ്ഞത്. തുടര്‍ന്ന് മയക്കുമരുന്നു വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി. അതിനുശേഷവും പലവിവാദങ്ങളിലും സൈസ്മോര്‍ നിറഞ്ഞു നിന്നു.

shortlink

Post Your Comments


Back to top button