ഒരു ഓഡിഷനിൽ പങ്കെടുക്കാൻ പൊള്ളാച്ചിയിൽ വന്ന നടൻ ജോജു ജോർജ് താമസിക്കാൻ ഒരു റൂമെടുക്കാൻ പൈസ ഇല്ലാതെ, രാത്രിയിൽ പൊള്ളാച്ചി ചന്തയിൽ കിടന്നിട്ടുണ്ട് എന്ന് സംവിധായകൻ ലാൽ ജോസ്. ഒരു ചാക്ക് വിരിച്ച് കിടക്കാൻ സ്ഥലത്തിന് മൂന്നോ നാലോ രൂപ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഇക്കാര്യം പറഞ്ഞത്.
സംവിധായകന്റെ വാക്കുകൾ :
‘ഒരു ഓഡിഷനിൽ പങ്കെടുക്കാൻ ജോജു ജോർജ് പൊള്ളാച്ചിയിൽ വന്നു. താമസിക്കാൻ ഒരു റൂമെടുക്കാൻ പൈസ ഇല്ലാതെ, രാത്രിയിൽ പൊള്ളാച്ചി ചന്തയിൽ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകൾ ചന്തയിൽ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം.ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്ന്, അവിടുത്തെ പൈപ്പിൽ പ്രഭാത കൃത്യങ്ങൾ കഴിച്ച് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നല്ലൊരു ഷർട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെൻസിൽ വന്നിറങ്ങിയ ആളാണെന്ന ഭാവത്തിൽ പോയി നിന്നത് എനിക്കറിയാം. ഞാൻ അത് കണ്ടിട്ടുണ്ട്’.
അവസാനം തിയേറ്ററിൽ ഇറങ്ങിയ ജോജുവിന്റെ ‘ഇരട്ട’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ഇരട്ടയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണൻ ആണ്.
Post Your Comments