പൂർണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിൽ ചിത്രമൊരുക്കാനൊരുങ്ങി അനുഭവ് സിന്‍ഹ. അഭ്രപാളിയില്‍ നിറങ്ങളൊഴുകി തുടങ്ങിയിട്ട് കാലം കുറെയായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നാല്‍ പഴയതിനെ സൂചിപ്പിക്കാനുള്ള ഉപാധി മാത്രമായി. അപ്പോഴാണ് പൂര്‍ണമായൊരു ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്നത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ഭീഡ്’ എന്ന സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണു പുറത്തിറങ്ങുക. തും ബിന്‍, തപ്പഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു അനുഭവ് സിന്‍ഹ.
ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടമായ സാധാരണക്കാരുടെയും, അവരുടെ കുടുംബത്തിന്റെയും ജീവിതമാണു ‘ഭീഡ്’ എന്ന സിനിമയിലൂടെ പറയുന്നത്. ജനങ്ങളുടെ പോരാട്ടത്തിന്റെയും പലായനത്തിന്റെയും കഥ പറയുമ്പോള്‍ ഏറ്റവും അനുയോജ്യമായതു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണെന്നാണു സംവിധായകന്റെ പക്ഷം.
പുതിയ ചിത്രമൊരുക്കുമ്പോള്‍ പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്കു മാറാന്‍ കാരണമുണ്ടെന്നു പറയുന്നു അദ്ദേഹം. ‘കൊവിഡ് മഹാമാരിയുടെ കാലത്തെ തൊഴിലാളികളുടെ പലായനവും, സാധാരണക്കാരുടെ ജീവിതവുമൊക്കെയാണു ഭീഡ് എന്ന ചിത്രത്തില്‍ പറയുന്നത്. 1947 കാലത്തെ വിഭജനത്തിനു തുല്യമായ അവസ്ഥയിലായിരുന്നു ജനങ്ങള്‍. പലായനത്തിന്റെ കാലത്തെ രേഖപ്പെടുത്തുന്നതു കൊണ്ടാണു ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്കു മാറാന്‍ തീരുമാനിച്ചത്’-അനുഭവ് സിന്‍ഹ പറയുന്നു. രാജ്കുമാർ റാവു, ഭൂമി പട്നേക്കര്‍ എന്നിവരാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 24-നു ചിത്രം തിയെറ്ററുകളിലെത്തും.
Post Your Comments