കശ്‍മീർ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്ജയ്‌യുടെ മകൾ ദിക്ഷയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് അനുപം ഖേര്‍

ദക്ഷിണ കശ്‍മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സഞ്ജയ് ശര്‍മയുടെ ഏഴ് വയസുകാരിയായ മകള്‍ ദിക്ഷയുടെ നൊമ്പരപ്പെടുത്തുന്ന ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ആ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്ന് നടന്‍ അനുപം ഖേര്‍. ദക്ഷയുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്ലോബല്‍ കശ്‍മീരി പണ്ഡിറ്റ് ഡയസ്‍പോറ എന്ന സംഘടനയെയാണ് അനുപം ഖേര്‍ അറിയിച്ചത്.

ദിക്ഷയ്ക്ക് ആഗ്രഹിക്കുന്നിടത്തോളം വരെ പഠിക്കാമെന്നും താന്‍ അതിന്റെ ചെലവുകള്‍ വഹിച്ചോളാമെന്നുമാണ് അനുപം ഖേര്‍ സംഘടയ്ക്ക് അയച്ച ശബ്‍ദ സന്ദേശത്തില്‍ വ്യക്തമാക്കിയത്. സഞ്‍ജയ് ശര്‍മയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും അനുപം ഖേറിന്റെ സഹായം എത്തിക്കാനുളള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും കശ്‍മിരി പണ്ഡിറ്റ് ഡയസ്‌പോറയുടെ നേതാവ് സുരിന്ദര്‍ കൗള്‍ അറിയിച്ചു.

ബാങ്കിന്റെ എടിഎം സെക്യുരിറ്റിയായ സഞ്‍ജയ് ശര്‍മ ഞായറാഴ്ച രാവിലെ ഗ്രാമ ചന്തയില്‍ നിന്ന് വീട്ടിലേക്കു നടന്നു വരുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ശര്‍മയുടെ ഘാതകനെ വധിച്ചതായി ജമ്മു കശ്‍മീര്‍ പൊലീസ് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുണ്ടായിരുന്ന തീവ്രവാദി ഔയിബ് ഭട്ട് ആണ് കൊലപാതകി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share
Leave a Comment