ജിസിസി റിലീസിനോട് അനുബന്ധിച്ച് ദുബായിൽ വെച്ച് നടന്ന പ്രസ് കോൺഫെറൻസിൽ ഓൺലൈൻ നിരൂപകരെ കുറിച്ച് പറഞ്ഞ് നടൻ മുകേഷ്. ഒരു സിനിമ ഇറങ്ങുമ്പോൾ കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടി പോകുന്നത് എന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകൾ നടത്തുമ്പോൾ അവിടെ ചെറിയ രീതിയിൽ പത്രവും റേഡിയോ ഒക്കെ നടത്തുന്നവർ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാൻ സ്പോൺസേഴ്‌സിന്റെ കൈയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്പോൺസേഴ്‌സ് പേടിച്ച് പണം നൽകുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മൾ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്‌ക്കോട്ടെ എന്ന് പറയുന്ന വർഷങ്ങൾക്ക് മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്‌നോളജിയുടെ വളർച്ചയുടെ വേറെ രീതിയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല. കാശ് കിട്ടാത്തതിന്റെ ‘കുഴപ്പ’മാണ്. ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാർലിംഗിൽ പ്രായമുള്ള ഒരാൾ കൊച്ചു പെൺകുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിൻ ഒക്കെയാണ് പ്രായമുള്ള ഒരാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാർക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടിപോകുന്നത്.
മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുഴപ്പമാണെന്ന് പറയുവാൻ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാൻ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവർ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം.’
Post Your Comments