GeneralLatest NewsNEWS

ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പ് തന്നെ വ്യാപകമായി പോസ്റ്റര്‍ കീറുന്നു, പിന്നില്‍ ഒരു ഫിലിം കമ്പനി : രാമസിംഹന്‍

പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് 1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന്‍ അലി അക്ബര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ചിത്രം തിയറ്ററില്‍ എത്തിക്കാതിരിക്കാന്‍ ചില കോണുകളില്‍ നിന്ന് ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. മാര്‍ച്ച്‌ 3-നാണ് സിനിമ തിയറ്ററുകളിലെത്തുക. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ ലിസ്റ്റും സംവിധായകന്‍ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ, ഇടപ്പള്ളിയിലെ വനിത തിയറ്റര്‍ മാത്രം അവസാന നിമിഷം കാലു വാരിയെന്ന് പറയുകയാണ് രാമസിംഹന്‍. എറണാകുളത്ത് പോസ്റ്റര്‍ വ്യാപകമായി കീറുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഒരു ഫിലിം കമ്പനിയാണെന്നും സംവിധായകന്‍ തുറന്നടിച്ചു.

സംവിധായകന്റെ വാക്കുകൾ :

‘സിനിമ പ്രദര്‍ശിപ്പിക്കാന്‍ അത്യാവശ്യം തിയറ്ററുകള്‍ ലഭ്യമായി. 81 തിയറ്ററുകളിലാണ് ‘പുഴ മുതല്‍ പുഴ വരെ’ റിലീസ് ചെയ്യുന്നത്. 82 തിയറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍, അവസാന നിമിഷത്തില്‍ ഇടപ്പള്ളിയിലെ വനിത തിയറ്റര്‍ മാത്രം കാലുവാരി. പരസ്യത്തിലൊക്കെ തിയറ്ററിന്റെ പേര് വന്നിരുന്നു. അവര്‍ പ്രദര്‍ശിപ്പിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ‘അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല’ എന്നാണ് അവര്‍ പറയുന്നത്. പലയിടത്തും സിനിമയുടെ പോസ്റ്റര്‍ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പ് തന്നെ ചിലര്‍ അത് കീറി കളയുന്നു.

എറണാകുളത്ത് പോസ്റ്റര്‍ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തില്‍ അത് തുറന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്പനി തന്നെയാണ് ഇതിന് പിന്നില്‍. മേലില്‍ ഇത് ആവര്‍ത്തിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ ഏത്ര വമ്പനായാലും ഞങ്ങള്‍ വെളിപ്പെടുത്തും. ജനങ്ങളുടെ വിയര്‍പ്പിന്റെ സിനിമയാണ് പുഴ മുതല്‍ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് പോസ്റ്റര്‍ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. ചിത്രത്തെ പരാജയപ്പെടുത്താം എന്ന് ആരും വിചാരിക്കേണ്ട. ഇത്രയുമൊക്കെ കൊണ്ടുവരാന്‍ പറ്റിയെങ്കില്‍ ഈ സിനിമ വിജയമാക്കാനും ജനങ്ങള്‍ക്ക് അറിയാം. നമുക്ക് തിയറ്റര്‍ തന്ന ഉടമകള്‍ക്ക് നഷ്ടം വരരുത്. അത് നമ്മുടെ കടമയാണ്. കര്‍മ്മത്തില്‍ നിന്ന് ഇന്നത്തോടു കൂടി ഞാന്‍ അരങ്ങ് ഒഴിയുകയാണ്. ഇനി സിനിമ പ്രേക്ഷകന്റെയാണ്’.

shortlink

Related Articles

Post Your Comments


Back to top button