GeneralLatest NewsNEWS

എനിക്കു വേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ : ‘നന്‍പകല്‍ നേരത്ത് മയക്കം’ മോഷണമെന്ന് തമിഴ് സംവിധായിക

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തന്റെ ‘ഏലേ’ എന്ന ചിത്രത്തിന്റെ സൗന്ദര്യാന്മകത മുഴുവന്‍ മോഷ്ടിച്ചുവെന്ന് തമിഴ് സംവിധായിക ഹലിതാ ഷമീം. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നി. എന്നാൽ അതിലെ ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ താന്‍ നിശബ്ദയായി ഇരിക്കില്ലെന്നും സംവിധായിക കുറിച്ചു.

ഹലിത ഷമീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ഒരു സിനിമയില്‍ നിന്ന് അതിന്റെ സൗന്ദര്യാന്മകത മുഴുവനായി മോഷ്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ‘ഏലേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’വും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാന്മകത അതേപടി തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

അവിടുത്തെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു.

എനിക്കു വേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാന്മകതയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല’.

 

shortlink

Post Your Comments


Back to top button